സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തില്‍ മലബാറില്‍നിന്നുള്ള എംഎല്‍എ നോട്ടപ്പുള്ളി. കസ്റ്റംസിന്റെ രഹസ്യറിപ്പോര്‍ട്ടിൽ എംഎല്‍എയെക്കുറിച്ചുള്ള പരാമര്‍ശം വന്നതോടെയാണ് സ്വർണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പട്ട കാരാട്ട് ഫൈസലുമായി ഏറെ അടുപ്പമുള്ള വ്യക്തിയിലേക്കാണ് കസ്റ്റംസിന്റെ നിരീക്ഷണം കടന്നുപോകുന്നതെന്നറിയുന്നു.
ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ സംശയ നിഴലില്‍ നിര്‍ത്തുന്നതെന്ന സൂചനയും ഉണ്ട്. കൊടുവള്ളി മാഫിയയിലേക്കു സ്വര്‍ണക്കടത്ത് വിരല്‍ ചൂണ്ടുന്നതിന്റെ സാധ്യതയാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കോഫെപോസ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരു പരാമര്‍ശിക്കുന്നത്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് എംഎല്‍എക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, സ്വര്‍ണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവര്‍ തമ്മിലുള്ള ആശയവിനിമയം.
എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ പ്രതിയോ സാക്ഷിയോ ആകാത്തത്.
കടത്തിലെ പ്രധാനി
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.
നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്ക്കാന് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍.
തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ചു വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിനു പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇതിനു പിന്നാലെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം.
സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തതും വിവാദമായിരുന്നു.