കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ മലബാറിലെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തല്‍. പ്രതികളുടെ മൊഴികളില്‍നിന്നാണ് എന്‍ഐഎയ്ക്കു വിവരം ലഭിച്ചത്.
നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം വിറ്റുകിട്ടിയ പണം തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള പണമിടപാടുകള്‍ക്കു രേഖകളില്ല.
ഏതെങ്കിലും രീതിയില്‍ അന്വേഷണമുണ്ടായാല്‍ തെളിവുകള്‍ ലഭിക്കരുതെന്ന ഉദ്യേശ്യത്തോടെയാണ് സംഘടനടകള്‍ ഫണ്ട് സമാഹരിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം യുഎഇ നാടുകടത്തിയ മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
കേസില്‍ ഇതുവരെ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ ആവശ്യപ്പെട്ടെങ്കിലും തെളിവില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ ഭീകരബന്ധം തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അന്വേഷണം തുടരുന്നു
അതേസമയം സ്വര്‍ണക്കടത്തിലൂടെ സമാഹരിച്ച പണം തീവ്രവാദസംഘടനകള്‍ക്ക് നല്‍കിയെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ക്കായി എന്‍ഐഎ വടക്കന്‍ ജില്ലകളിലെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനയിലുള്ളവരുമായി കേസിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. കേസിലെ പ്രധാന പ്രതി കെ.ടി.റമീസ് ഉപയോഗിച്ചിരുന്ന ഒരു മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിരുന്നു.
അന്വേഷണം റമീസിലേക്ക് എത്തുമെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞുകൊണ്ടാണ് ഫോണ്‍ നശിപ്പിച്ചത്. ഈ ഫോണിലുള്ള പലതും അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളായിരുന്നു. അതിനാലാണ് ആ ഫോണ്‍ മാത്രം നശിപ്പിച്ചതെന്നാണ് എന്‍ഐഎ കരുതുന്നത്.
പണം വന്ന വഴി
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 23 തവണയാണ് സ്വര്‍ണം കടത്തിയത്. 230 കിലോ സ്വര്‍ണമാണ് അനധികൃതമായി കേരളത്തിലെത്തിച്ചത്. ഈ സ്വര്‍ണം എന്തു ചെയ്തുവെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
സ്വര്‍ണം വാങ്ങാനുള്ള പണം സമാഹരിച്ചതിനെ കുറിച്ചും സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോയിരുന്നതെന്നും കണ്ടെത്താന്‍ റബിന്‍സ് വഴി സാധിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
സ്വര്‍ണക്കടത്ത് മറയാക്കി തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന പോലീസും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം 1000 കോടിയുടെ ഹവാല ഇടപാടുകളാണ് ഇത്തരത്തില്‍ നടക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് എന്‍ഐഎ ശേഖരിച്ചതായാണ് സൂചന.
സൗമ്യയ്ക്ക് എങ്ങനെ പേരു കിട്ടി!
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നി ല്‍ കൊടുവള്ളി സംഘത്തിനുള്ള പങ്ക് വ്യക്തമാണെന്ന് എന്‍ഐഎ. നേരത്തെ തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചിട്ടുണ്ട്.
കെ.ടി. റമീസുമായി കാരാട്ട് റസാഖിന് അടുത്ത ബന്ധമെന്ന് കേസിലെ പ്രതിയായ സന്ദീപ്നായരുടെ ഭാര്യയുടെ മൊഴി ഗൗരവമുള്ളതായിരുന്നുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്.
തെക്കന്‍ ജില്ലകളിലെ സാധാരണ കുടുംബത്തില്‍ ജനിച്ച യുവതി വടക്കന്‍ ജില്ലയിലുള്ള രണ്ടു ജനപ്രതിനിധികളുടെ പേര് ഓര്‍ത്തു പറയുകയെന്നതു കെട്ടുകഥയല്ല. അതിനാല്‍ ഇരുവരുടെയും പങ്കിനെ കുറിച്ച് തെളിവുകള്‍ സഹിതം ശേഖരിച്ചു വരികയാണെന്നും എന്‍ഐഎ അറിയിച്ചു.
റബിന്‍സിന് “ഉപദേശം’ ലഭിച്ചു
യുഎഇയില്‍ നിന്ന് നാടുകടത്തുന്നതിന് മുമ്പേ തന്നെ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ റബിന്‍സ് തയാറെടുത്തിരുന്നതായി എന്‍ഐഎ.
ചോദ്യം ചെയ്യലിനോടു റബിന്‍സ് ഇതുവരെയും സഹകരിച്ചിട്ടില്ല. ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ച തന്ത്രമാണെന്നും എന്‍ഐഎ കരുതുന്നു.
ഏഴ് ദിവസത്തേക്കാണ് റബിന്‍സിനെ എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ചത്. ഈ ദിവസത്തിനുള്ളില്‍ റബിന്‍സില്‍ നിന്ന് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് എന്‍ഐഎ നീക്കം.