ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശക്തിപ്രാപിച്ചപ്പോള്‍ സ്വര്‍ണ, ഡോളര്‍ കടത്തില്‍ ഒരു ഉന്നതനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ നിറയുന്നു.
കേരളം ചോദിക്കുന്നു ഈ ഉന്നതന് ആരാണ്. പ്രതിപക്ഷ കക്ഷികള്‍ ഉന്നതനെ ചുറ്റിപ്പറ്റിയുള്ള പത്രസമ്മേളനങ്ങളും പ്രസ്താവനകളും പുറത്തിറക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവര്‍ ഉന്നതനെ വ്യാഖ്യാനിച്ചു മുന്നില്‍ നില്ക്കുന്നു.
ദൈവത്തിന്റെ നാമത്തിലുള്ള നേതാവാണെന്നു പോലും സുരേന്ദ്രന് പ്രസ്താവന ഇറക്കി കഴിഞ്ഞു. പേരു പറയാതെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നതനെ വരിഞ്ഞുമുറുക്കുകയാണ്.
രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിനെയാണ് സ്വപ്ന മൊഴികളില്‍ നിറയ്ക്കുന്നത്.
ഇദേഹത്തിന്റെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. ഈ യാത്രകളില്‍ ഭൂരിഭാഗവും യുഎഇയിലേക്കായിരുന്നു. നാലു യാത്രകളില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും.
യുഎഇയിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ.
ഈ സൗകര്യം ഉപയോഗിച്ച് ഡോളര്‍ കടത്തിയെന്നാണ് സംശയം. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്കിയ മൊഴിയിലുള്ള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്.
പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങള്‍ സി-ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്.
ഈ ഭരണഘടനാ പദവിയുള്ള ഉന്നതന്റെ വിദേശയാത്രകളെ കുറിച്ച് ഇഡി നേരത്തെ അന്വേഷിച്ചിരുന്നു.