കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചതായുള്ള ശബ്ദരേഖ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥയുടെ നിര്‍ദേശ പ്രകാരം ചെയ്തതാണെന്ന് സ്വപ്ന മൊഴി നല്കിയ സാഹചര്യത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് ഇഡിക്ക് നിയമോപദേശം.
മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിതിയെ സമീപിക്കാനാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞ പ്രകാരം ഇഡിക്കെതിരെ അവരുടെ ഫോണില്‍ മറ്റാരോടോ സംസാരിച്ചുവെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചതായി പ്രതികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.
സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് നിയമോപദേശം നല്‍കിയത്.