സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാവുന്നതിനിടെ വിദേശത്തുനിന്നുള്ള സ്വര്‍ണക്കടത്തിനു യാത്രക്കാരെ ചാക്കിടാന്‍ കള്ളക്കടത്ത് സംഘം. സ്ഥിരമായി സ്വര്‍ണം കടത്തുന്ന കാരിയര്‍മാരെ വിദേശത്തേക്ക് കൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ദുബായില്‍നിന്ന് നാട്ടിലേക്ക് അവധിക്കു വരുന്ന യാത്രക്കാരെ മോഹവാഗ്ദാനം നല്കി കള്ളക്കടത്ത് സംഘം വലയിലാക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലേയും റോഡുകളിലേയും പരിശോധനയ്ക്ക് ഇളവുകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. മലപ്പുറം വേങ്ങരയിലേക്കും കോഴിക്കോട് കൊടുവള്ളി, താമരശേരി എന്നിവിടങ്ങളിലേക്കുമാണ് സ്വര്‍ണം കൂടുതലായും എത്തുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത്.
ഇന്നലെ ഞെട്ടിച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തിലും സ്വര്‍ണക്കടത്ത് കൂടുമെന്ന വിവരത്തെത്തുടര്‍ന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന ശക്തമാക്കി. ഇന്നലെ ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനെ പരിശോധിച്ചപ്പോള്‍ അരക്കോടി രൂപ വിലവരുന്ന 1,078 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം, കരുവാരക്കുണ്ട് സ്വദേശി നസൂബിലിനെ(22) കസ്റ്റഡിയിലെടുത്തി. മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിലെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
മൂന്നു പേരെ പിടിച്ചു
സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ കസ്റ്റംസ് പരിശോധിച്ചിരുന്നു. ഇതില്‍ നസൂബിലിന്റെ കൈവശം മാത്രമായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്.അരകോടിയുടെ സ്വര്‍ണം കടത്തിയാല്‍ 40,000 മുതല്‍ 50,000 രൂപ വരെ കമ്മീഷനായി ലഭിക്കും.
എന്നാല്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് നസൂബിലിനു വ്യക്തമല്ല. നസൂബിലിന്റെ ഫോട്ടോ നാട്ടിലുള്ള കള്ളക്കടത്ത് സംഘത്തിന്റെ ഏജനന്റിന് ദുബായില്‍നിന്നു കൈമാറും. വിമാനത്താവളത്തില്‍ ഏജന്റ് എത്തുകയും സ്വര്‍ണം ശേഖരിക്കുകയുമാണ് ചെയ്യുക.
സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ യാതൊരു വിവരവും സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് അറിയാനാകില്ല. അതിനാലാണ് സ്വര്‍ണക്കടത്തിലെ പ്രധാനികളിലേക്ക് കസ്റ്റംസിന് എത്തിപ്പെടാന്‍ സാധിക്കാത്തത്.
കടത്തു പെരുകി
ലോക്ക്ഡൗണിന് ശേഷം കോവിഡ് രൂക്ഷമാണെങ്കിലും വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചതായാണ് കസ്റ്റംസ് പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മാത്രം 255 കേസുകളിലായി 58 കോടി രൂപയുടെ 131 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
2019-20 കാലഘട്ടത്തില്‍ 465 കേസുകളിലായി 79 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. വന്ദേഭാരത്, എയര്‍ബബ്ള്‍, ചാര്‍ട്ടേഡ് എന്നീ വിഭാഗങ്ങളിലുള്ള വിമാനങ്ങളായിരുന്നു കൂടുതലായും നാട്ടിലെത്തിയത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് അസി.കമ്മീഷണര്‍ കെ.വി.രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ സി.സുരേഷ്ബാബു, സന്തോഷ് ജോണ്‍, ഇന്‍സ്പക്ടര്‍മാരായ എം.പ്രതീഷ്, ഇ. മുഹമ്മദ് ഫൈസല്‍, സി.ജയ്ദീപ്, ഹര്‍ഷിത് തിവാരി, ഹെഡ് ഹവില്‍ദാര്‍മാരായ എം.സന്തോഷ്കുമാര്‍, ഇ.വി.മോഹനന് എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ സ്വര്‍ണം പിടികൂടിയത്.