മട്ടന്നൂർ: കൊറോണ കാലത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വർണക്കടത്ത് വീണ്ടും വർധിക്കുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽ നിന്നാണ് 363 ഗ്രാം സ്വർണം പിടികൂടിയത്.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ 253 ഗ്രാം സ്വർണം ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിലും ചെയിൻ മാതൃകയിലുള്ള 138 ഗ്രാം സ്വർണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു ഒളിപ്പിച്ചു വച്ചിരുന്നത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്രം, കെ.വി. രാജു, സോനിത്ത് റാണ, ഹവിൽദാർ സി.വി. ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.