കെ. ഷിന്റുലാല്‍
കോഴിക്കോട്: സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റിമാന്‍ഡിലുള്ള ചെർപ്പുളശേരി സംഘത്തെ ചോദ്യം ചെയ്യും. കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കോടതി മുഖേന ഇതിനായി അനുമതി വാങ്ങി അടുത്താഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം. പാലക്കാട് സ്വദേശികളായ സുഹൈല്‍ (24), ഫസല്‍ (24), മുസ്തഫ(26), ഷാഹിദ് (32), ഹസന് (35), മുഹമ്മദ് ഫയാസ് (29), സലീം (29), മുബഷീര്‍ (26) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
ഇവര്‍ക്കെതിരേ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം ഇവരില്‍നിന്ന് സ്വര്‍ണക്കടത്ത് സംഘത്തക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്.
അതേസമയം കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സ്വര്‍ണം എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടുന്നതിന് മുമ്പ് മറ്റേതെങ്കിലും സംഘം സ്വര്‍ണം പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്നും കസ്റ്റംസ് പരിശോധിച്ചുവരികയാണ്.
സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ 15 പേരടങ്ങുന്ന സംഘം എത്തിയത് സംശയാസ്പദമാണ്.കൂടുതല്‍ അളവ് സ്വര്‍ണമുണ്ടെങ്കില്‍ മാത്രമേ ഇത്രയും അധികം പേര് ഒരുമിച്ച് ഓപ്പറേഷന് എത്തുകയുള്ളൂ. 2.33 കിലോ ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ ഒരിക്കലും ഇത്രയും പേര് ഓപ്പറേഷന് നടത്താനെത്തില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്.
വിമാനത്താവളത്തില്‍നിന്ന് വലിയ അളവില്‍ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി പോലീസിന് ചില സംശയങ്ങളുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.