കണ്ണൂർ: സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്തിന്റെയും കടത്തിയ സ്വർണം കൊള്ളയടിക്കുന്ന സംഘങ്ങളുടെയും കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ ചുരുളഴിയുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊള്ള സംഘം പ്രവർത്തിച്ചു വന്നതെന്നാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ട്.
കണ്ണൂർ സ്വദേശിയും ഇപ്പോൾ അന്വേഷണം നേരിടുകയും ചെയ്യുന്ന അർജുൻ ആയങ്കിയുടെ സംഘത്തിന്റെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തും വിദേശത്തും സ്വർണക്കൊള്ള സംഘത്തിന് വേരുകളുണ്ട്.
അർജുൻ ആയങ്കി
നേരത്തെ നിരവധി ക്രിമിനൽ കേസുകളിലും കൊലക്കേസുകളിലും പ്രതിയായ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർവരെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം.
അതേ സമയം അർജുൻ ആയങ്കി സ്വർണം കൊള്ളയടിക്കുന്ന സംഘത്തിന്റെ സുപ്രധാന സംഘാടകനാണെന്നാണ് വിവരം. അഞ്ജാത കേന്ദ്രത്തിലിരുന്നു പ്രവർത്തിക്കുന്ന സംഘത്തലവന്റെ നിർദേശാനുസരണമാണ് ഇവരുടെ പ്രവർത്തനം.
വിദേശത്തു നിന്നും സ്വർണം കടത്തിക്കൊണ്ടു വരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി പുറത്തിറങ്ങുന്ന കാരിയറെയോ കാരിയർ കൈമാറിയ സംഘത്തിൽ നിന്നോ സ്വർണം കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി.
കടത്തിക്കൊണ്ടു വന്ന സ്വർണം കൊള്ളയടിച്ചാലും സ്വർണക്കടത്തിനു പിന്നിലുള്ളവർക്ക് നിയമ നടപടകളിലേക്ക് നീങ്ങില്ലെന്ന ഉറപ്പിൽ പലയിടങ്ങളിൽ കൊള്ള നടത്തിയിട്ടുണ്ട്.
കടത്തിക്കൊണ്ടു വന്ന സ്വർണം കൊള്ളയടിക്കുന്നതിന് “പൊട്ടിക്കൽ’ എന്ന കോഡ് ഭാഷയാണ് സംഘം ഉപയോഗിച്ചു പോന്നിരുന്നത്.
ദുബായിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ സ്വർണം കൊള്ളയടിക്കുന്നത് സംബന്ധിച്ച് സംഘത്തലവൻ കൊള്ളസംഘത്തിലെ ഒരാളായ സക്കീറിനോട് പറയുന്ന ഫോൺ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം വഴി കടത്തുന്ന സ്വർണം കൊള്ളയടിക്കാൻ ക്വട്ടേഷൻ സംഘത്തിൽ പെട്ട അർജുൻ ആയങ്കിയുടെ സംഘത്തിനുള്ള തലവന്റെ നിർദേശങ്ങളുടെ ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്.
ഓപ്പറേഷൻ “പൊട്ടിക്കൽ’ ഫോൺ നിർദേശം
ദുബായിയിൽ നിന്നു കണ്ണൂരിലേക്ക് കടത്തിയ സ്വർണം കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട സംഘത്തലവന്റെ നിർദേശമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
സംഘത്തലവൻ സക്കീർ എന്നയാളോടും അർജുൻ ആയങ്കിക്കും നൽകിയ ഫോൺ നിർദേശങ്ങളാണ് പുറത്തായിരിക്കുന്നത്.””സക്കീർക്കാ…നസീറിനോട് ഒകെ പറയുക, ആരു പറഞ്ഞാലും സ്വർണം കൊടുക്കാം എന്ന് പറയുക സാധനം കിട്ടിക്കഴിഞ്ഞ് എയർപോർടിൽ കയറിയാലുടൻ ഫസലിനെ വിളിക്കണം.
തരണ്ടത് ഫസലാണ്, അന്നോ പിറ്റേന്നോ കണ്ണൂരിലേക്ക് അയക്കും. അവിടെ എല്ലാം റെഡിയാക്കിയിട്ടുണ്ട്. ഫസൽ ദുബായിയിൽ തന്നെ ഉള്ള ആളാണ്. നിങ്ങളെ നേരിട്ട് വന്ന് കാണും കൂട്ടി കൊണ്ടുപോകും.
ഫസലിനെയാണ് വിളിക്കേണ്ടത്. ഫോൺ ഓണാക്കി തന്നെ വെക്കണം. ഞാൻ വിളിച്ചാലും അർജുൻ ഫസൽ വിളിച്ചാലും ഫോൺ എടുക്കണം. ഗോൾഡ് ടീമിന്റെ അടുത്തു പോകുന്നതിനു മുൻപ് മെസേജ് ചെയ്യുക. അവർ വിളിക്കും, രാത്രിക്ക് ടിക്കറ്റ് കൺഫേം ആകുന്നുണ്ട്.
അതുകൊണ്ട് ഇന്ന് സാധനം അടിക്കേണ്ട, റെഡിഫുൾ ഓൺ ആയിരിക്കുക റെഡിയായിട്ട് നിന്നോ, എയർപോർടിൽ എത്തിയാൽ ഫസലിനെ വിളിക്കുക, ഫസലിന് സാധനം കൊടുക്കുക എന്നേയോ അർജുൻ ആയങ്കിയേയോ വിവരം അറിയിക്കുക.
ഗോൾഡിന്റെ പാർട്ടീന്റെ അടുത്തള്ളപ്പോ നമ്മളെ കോൺടാക്ട് ചെയ്യരുത് ഗെയിം ഫൗൾ ആവും. ഒകെ. ആരു വിളിച്ചാലും ഒകെ പറയുക നസീർ പറഞ്ഞാൽ തരാന്ന് പറയുക.
നസീർ “പൊട്ടിക്കാൻ’ നിൽക്കുന്ന ആൾ ആണ്. നസീറിനെ “പൊട്ടിച്ചാണ്” നമ്മൾ പോകുന്നത്. മഹമൂദ് പറയുമ്പോഴും ഓകെ പറയുക. ഓകെ ഓകെ എന്നു മാത്രം പറയുക.
എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള സംഘത്തലവന്റെ നിർദേശം: “”നസീർ വിളിക്കും സാധനം തന്നേ എന്നു പറയും.
അപ്പോ ആ എന്നു പറഞ്ഞേക്കൂ.. ആരു വിളിച്ചാലും ആ എന്നു പറയണം. എയർപോർട്ടിൽ എത്തിയാൽ ഫസലിനെ മാത്രമേ വിളിക്കാവൂ എന്നാലേ നമ്മളുടെ കൈയിൽ കിട്ടൂ. വേറെ റിസ്ക് ഒന്നും ഇല്ല.
നിങ്ങൾ എയർ പോർട്ടിൽ എത്തിയാൽ മതി. അർജുൻ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് നിങ്ങളുടെ താമസവും ഭക്ഷണവും വൈകിട്ടത്തെ കള്ളും .വിഐപി സെറ്റപ് കിട്ടും, നല്ലൊരു എമൗണ്ടും കൈയിൽ വച്ചു തരും. ആയങ്കീ ബാക്കി നീ പറഞ്ഞു കൊടുത്തോ”.