സി.ആര്. സന്തോഷ്
ഇരിട്ടി(കണ്ണൂർ): സ്വർണക്കടത്തുമായി അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കള്ളക്കടത്ത് സംഘങ്ങളുടെ പട്ടിക മുഖം നോക്കാതെ തയാറാക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനോട് ആവശ്യപെട്ടു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച്ച വന്നതായി വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ. വിനോദ് കുമാര്‍ കര്‍ശന നിലപാടിലേക്ക് നീങ്ങിയത്.
കുഴല്‍പണം, കഞ്ചാവ്, സ്വര്‍ണകള്ളക്കടത്ത്, ക്വട്ടേഷന്‍-ഗുണ്ടാ വിളയാട്ടം, തീവ്രവാദം തുടങ്ങിയവ വഴി പണം കണ്ടെത്തുന്ന സംഘങ്ങളില്‍ അധികവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കാമ്പസില്‍ വെച്ച് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ കേരള പോലീസ് ഇത് ശരിവെയ്ക്കുകയും ഇത്തരക്കാരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി പോലീസിന് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ആ കൊലപാതകത്തിന്റെ ഒച്ചപ്പാടുകള്‍ തീര്‍ന്നതോടെ മാളത്തില്‍ ഒളിച്ച സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
തന്റെ ജില്ലയില്‍ ഉണ്ടായതും ആഭ്യന്തര വകുപ്പിന് മുന്‍കുട്ടി കണ്ടെത്താന്‍ ആവാതിരുന്നതുമായ സംഭവത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.