കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് ഇന്നു രാവിലെ എട്ടോടെ കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കരിപ്പൂർ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിലാണ് റെയ്ഡ്. കൂടാതെ, സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു.
ഷാഫിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും സൂചനയുണ്ട്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ തെക്കെ പാനൂർ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.
എന്നാൽ, റെയ്ഡിന് കസ്റ്റംസ് എത്തുന്പോൾ ആകാശ് തില്ലങ്കേരി വീട്ടിൽ ഇല്ലായിരുന്നു. ആകാശിനെതിരേ സ്വർണക്കടത്ത് കേസിൽ നിലവിൽ എഫ്ഐആർ ഇല്ലായിരുന്നു. ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമന്നാവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
ശുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. സ്വർണക്കടത്തുമായി വിവാദം ഉണ്ടായപ്പോൾ തന്നെ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിരുന്നു.