കെ.ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തു വേരുറപ്പിച്ച സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ ഓപ്പറേഷനു വേണ്ടി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തല്‍.
വിദേശത്തുനിന്നു സ്വര്‍ണം എത്തിക്കുന്ന കള്ളക്കടത്ത് സംഘവും സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന ക്വട്ടേഷന്‍ സംഘവും ഇതിനു നേതൃത്വം നല്‍കുന്നവരും സമാന്തര ടെലിഫോണ്‍ സംവിധാനത്തിലൂടെയാണ് ഓപ്പറേഷന് നടത്തുന്നത്.
മലബാറില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണസംഘങ്ങള്‍ നല്കിയ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് സൈബര്‍സെല്ലിനു ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
ആസാം, ബംഗാൾ
ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോളുകള്‍ പല സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടവരുടെ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. സിം എടുത്തത് ആസാം, ബംഗാള്‍ സ്വദേശികളുടെ പേരുകളിലാണ്.
ആദ്യഘട്ടത്തില്‍ പ്രതികള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടാവുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ , പല കേസുകളിലായി ഉള്‍പ്പെട്ട ചിലരുടെ ഫോണുകളിലെല്ലാം ആസാം, ബംഗാള്‍ സിമ്മുകള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
തുടര്‍ന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകള്‍ അന്വേഷിക്കുന്ന സംഘാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സിംകാര്‍ഡുകള്‍ വ്യാജമേല്‍വിലാസത്തില്‍ സംഘടിപ്പിച്ചിരിക്കാനുള്ള സാധ്യതകള്‍ വ്യക്തമാവുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകളെല്ലാം ആസാമിലേയും ബംഗാളിലേയും മേല്‍വിലാസത്തില്‍ എടുത്തതാണ്.
വ്യാജ തിരിച്ചറിയില്‍ കാര്‍ഡും മറ്റും സംഘടിപ്പിച്ചാണ് ഈ സംസ്ഥാനങ്ങളില്‍നിന്നു സിംകാര്‍ഡ് സംഘടിപ്പിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ള സംഘം ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ മൊത്തമായി സംഘടിപ്പിക്കുകയും അത് കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെത്തിക്കുകയുമാണ് ചെയ്യുന്നത്.
കോഴിക്കോട് അടുത്തിടെ നാലു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് കണ്ടെത്തിയത്. ഈ കേസില്‍ സിബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ബന്ധമുള്ളതായി കണ്ടെത്തിയത്.
തട്ടികൊണ്ടുപോകല്‍ പദ്ധതി
കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം പ്രവാസിയെ തട്ടികൊണ്ടുപോയ സംഭവത്തിന്റെ പദ്ധതി ആസൂത്രണം ചെയ്തിനു പിന്നിലും സമാന്തടെലിഫോണ് എക്സ്ചേഞ്ച് ബന്ധമുണ്ടെന്നാണ് സിബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും കരുതുന്നത്. തട്ടികൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ചില സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു.
ഈ നമ്പര്‍ പരിശോധിച്ചപ്പോള്‍ മറ്റുസംസ്ഥാനങ്ങളിലുള്ളതാണെന്ന് വ്യക്തമായി. എന്നാല്‍ ഇതരസംസ്ഥാനത്ത് നിന്നും സിംകാര്‍ഡ് സംഘടിപ്പിച്ച് തട്ടികൊണ്ടുപോകല്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യത വിരളമാണ്.
അതേസമയം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി കോളുകള്‍ ചെയ്യുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കോള്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനാവും. ഈ സാധ്യതയാണ് കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും ഉപയോഗിച്ചതെന്നാണ് സൈബര്‍ സെല്ലും പോലീസും കരുതുന്നത്.
ആഡംബര കാറുകള്‍
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസും കേന്ദ്രഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. പോലീസിന്റെ സി ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ ഐബിയും ഇതേകുറിച്ച് വിശദമായി പരിശോധിക്കുന്നുണ്ട്.
ഇരുവിഭാഗത്തിനും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ച ഭാഗങ്ങളില്‍ ആഡംബരകാറുകള്‍ സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്വര്‍ണക്കടത്ത്, ഹവാല ബന്ധത്തിലേക്കാണ് നയിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലുള്ള സമാന്തര ടെലിഫോണ്‍ എ്ക്സ്ചേഞ്ചുകള് വഴി നടന്നിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് സംഘം. വിദേശത്തേക്കു കോളുകള്‍ ചെയ്യുന്നതിനും വിദേശത്ത് നിന്ന് ഇന്ത്യയിലേക്കു ഫോണ്‍കോളുകള്‍ കുറഞ്ഞ ചെലവില്‍ ചെയ്യുന്നതിനുമായിരുന്നു ഇത്തരത്തിലുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍, വാട്സ്ആപ്പ് കോളുകളും മറ്റു ഇന്റര്‍നെറ്റ് കോളുകളും ചെയ്യുന്നതിന് ഇപ്പോള്‍ വളരെ തുച്ഛമായ തുക മതി. ഈ സാഹചര്യം നിലനില്‍ക്കെ ആഡംബരകാറുകളില്‍ വരെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സന്ദര്‍ശിക്കുന്നതിന് ആളുകള്‍ എന്തിനെത്തി എന്നത് അവ്യക്തമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം കണ്ടെത്താനാവുകയുള്ളൂ. ഇതിനായുള്ള ശ്രമത്തിലാണ് പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും.