കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യങ്ങള്‍ വില്‍പ്പനയ്ക്ക്. ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങളാണ് വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഓപ്പറേറ്റര്‍മാര്‍ വഴിയാണ് രഹസ്യങ്ങള്‍ മറ്റു സംഘങ്ങള്‍ കൈമാറുന്നത്.
ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങള്‍ മറ്റുള്ള കള്ളക്കടത്ത് സംഘത്തിന് ഓപ്പറേറ്റര്‍മാര്‍ ഒറ്റികൊടുക്കുക വഴി വന്‍തുക പ്രതിഫലമായി കൈപ്പറ്റിയിരുന്നതായും സി-ബ്രാഞ്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഓരോ ഒറ്റിനും ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങുന്നുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചു നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണത്തിനിടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ ഒറ്റുകാരായ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ച വിവരം വ്യക്തമായത്.
സി-ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇബ്രാഹിമും ഒളിവില്‍ കഴിയുന്ന മാങ്കാവ് സ്വദേശി ഷബീറും പ്രസാദും ഇത്തരത്തില്‍ കള്ളക്കടത്തിന്റെ രഹസ്യവിവരങ്ങള്‍ മറിച്ചു നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ഓരേസമയം രണ്ടു സംഘങ്ങളില്‍ നിന്നുമായി കോടികള്‍ വരുമാനമായി ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഒറ്റുകാര്‍ ആരെന്നറിയാതെ കള്ളക്കടത്ത് സംഘം ഇപ്പോഴും അലയുമ്പോഴും എല്ലാം ചോരുന്നതു രഹസ്യകേന്ദ്രത്തില്‍ നിന്നാണെന്നത് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
രഹസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ വില !
ഏതാനും വര്‍ഷങ്ങളായി ഹവാല-സ്വര്‍ണക്കടത്ത് സംഘങ്ങള്‍ സമാന്തര ടെലിഫോണ്‍ എ്ക്സ്ചേഞ്ച് വഴിയായിരുന്നു കള്ളക്കടത്ത് ആസൂത്രണം ചെയ്തിരുന്നത്.
ഇത്തരത്തില്‍ വിദേശത്തുനിന്നും മറ്റും കള്ളക്കടത്തിന്റെ വിവരങ്ങള്‍ കൈമാറുന്നതിനു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനെ ആശ്രയിക്കാന്‍ കള്ളക്കടത്ത് സംഘങ്ങള്‍ രംഗത്തെത്തി. ഇതോടെ ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ എക്സ്ചേഞ്ചുകള്‍ തുടങ്ങി. വലിയ വരുമാനവും ഇതുവഴി ലഭിച്ചുതുടങ്ങി.
അതിനിടെയാണ് സ്വര്‍ണക്കടത്ത് സംഘം കൈമാറുന്ന വിവരങ്ങളിലേക്ക് ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഏതു ഫ്ളൈറ്റിലാണ് സ്വര്ണമെത്തുന്നതെന്നും കാരിയര്‍ ആരാണെന്നും അവര്‍ ധരിച്ച വസ്ത്രമേതെന്നും സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നതടക്കുമുള്ള വിവരങ്ങള്‍ കൈമാറുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാര്‍ പിന്നീട് ഒറ്റുകാരായി മാറി.
ഓപ്പറേറ്റര്‍മാര്‍ സ്വര്‍ണം കടത്തുന്ന മറ്റു സംഘങ്ങള്‍ക്കു വിവരം രഹസ്യമായി കൈമാറാന്‍ തുടങ്ങി. ഇതോടെ വിദേശത്തു നിന്നെത്തിക്കുന്ന സ്വര്‍ണം തട്ടിയെടുക്കാനും കൂടുതല്‍ സംഘങ്ങള്‍ രംഗത്തെത്തി.
എല്ലാം പരിധിക്ക് പുറത്ത്
കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ഫോണുകളെ ആശ്രയിച്ചതോടെയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് തഴച്ചു വളരാന്‍ തുടങ്ങിയത്.
കോള്‍ ഡീറ്റൈയില്‍ റിക്കാര്‍ഡും (സിഡിആര്‍) ഐഎംഇഐയും ഉപയോഗിച്ചു പോലീസ് കുറ്റവാളികളെ ഓരോന്നായി പിടികൂടുന്നതു നിത്യസംഭവമായി മാറിയതോടെ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ മുതല്‍ ഹവാല-കള്ളക്കടത്ത് സംഘങ്ങള്‍വരെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ ആശ്രയിക്കാന്‍ തുടങ്ങി.
വിളിച്ചത് എവിടെ നിന്നാണെന്നോ ഏതു ഫോണ്‍ ഉപയോഗിച്ചാണെന്നോ ആരാണു വിളിച്ചതെന്നോ അറിയാത്ത വിധമായിരുന്നു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനു പിടികൂടിയാല്‍ പോലും തെളിവില്ലാത്ത സംവിധാനമായതിനാല്‍ കുറ്റവാളികള്‍ സമാന്തര ടെലിഫോണിനെ കൂടുതലായും ആശ്രയിച്ചു.
പ്രവാസിയെ തട്ടികൊണ്ടുപോയവരും ആശ്രയിച്ചു
കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു ബന്ധമുള്ളതായാണ് വിവരം. അന്വേഷണ സംഘങ്ങള്‍ നല്കിയ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് സൈബര്‍സെല്‍ ഇക്കാര്യം സംശയിച്ചത്.
ആസാം, ബംഗാള്‍ എന്നിവിടങ്ങളിലുള്ള സിംകാര്‍ഡുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സിമ്മുകളുടെ യഥാര്‍ഥ ഉടമസ്ഥരല്ല കുറ്റകൃത്യത്തിലുള്പ്പെട്ടതെന്നും സമാന്തര ടെലിഫോണ്‍ വഴിയുള്ള ഓപ്പറേഷനാണെന്നുമാണ് സംശയിക്കുന്നത്.