സ്വന്തംലേഖകന്‍
കോഴിക്കോട് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ വിവാദവെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തില്‍ നിസഹകരണവുമായി പോലീസ്.
ഊരള്ളൂരില്‍ പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പോലീസ് മുമ്പാകെ വിശദമായ റിപ്പോര്‍ട്ട് നല്കാന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രണ്ടാഴ്ചയായിട്ടും കേസന്വേഷിക്കുന്ന വടകര റൂറല്‍ പോലീസ് കസ്റ്റംസ് ആവശ്യപ്പെട്ട പ്രകാരം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതോടെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ കസ്റ്റംസിന്റെ ഔദ്യോഗിക അന്വേഷണവും മുടങ്ങി.
കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീന് എന്നിവരുടെ മൊഴിപകര്പ്പായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.
മേയ് 26ന് ദുബായില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണവുമായി അരിക്കുളം സ്വദേശിയായ അഷ്റഫ് കരിപ്പൂരിലെത്തിയത്. കൊടുവള്ളിയിലെ ഒരു സംഘത്തിന്റേതായിരുന്നു സ്വര്‍ണം.
സ്വര്‍ണം കൈമാറേണ്ട വ്യക്തിക്ക് അഷ്റഫിന്റെ ഫോട്ടോ അയച്ചുനല്‍കിയിട്ടുണ്ടെന്നും അവര്‍ സമീപിക്കുമെന്നുമായിരുന്നു ഏജന്റ് പറഞ്ഞത്. 50,000 രൂപയും വിമാന ടിക്കറ്റുമായിരുന്നു പ്രതിഫലം.
വിമാനത്താവളത്തിനു പുറത്തെത്തിയ ഉടന്‍ കണ്ണൂര്‍ സംഘം സമീപിച്ചു. അഷ്റഫ് ഈ സംഘത്തിന് സ്വര്‍ണം മറിച്ചു നല്‍കുകയായിരുന്നു. ഇതിന് പകരം 10 ലക്ഷം രൂപയും അഷ്റഫിനു നല്കി.
സ്വര്‍ണം തിരിച്ചു നല്കണമെന്നാവശ്യപ്പെട്ടു കൊടുവള്ളി സംഘം അഷ്റഫിനെ സമീപിച്ചെങ്കിലും സ്വര്‍ണം മറ്റൊരു ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തുവെന്നാണ് അഷ്റഫ് വ്യക്തമായത്.
സ്വര്‍ണം തിരിച്ചുകിട്ടാതായതോടെ കൊടുവള്ളി സംഘം അഷ്റഫിനെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 13 നാണ് അഷ്റഫിനെ തട്ടികൊണ്ടുപോയത്. അര്‍ധരാത്രി വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.അതേസമയം വിമാനതാവളത്തില്‍നിന്ന് തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞിരുന്നത്.
വാഹനം കൊടുവള്ളിക്കു പോകുന്നതിനു പകരം നാദാപുരം ഭാഗത്തേക്കു പോയപ്പോഴാണു ഏജന്റ് പറഞ്ഞ സംഘത്തിനൊപ്പമല്ലെന്ന് അഷ്റഫിന് മനസിലായത്. സ്വര്‍ണം തരില്ലെന്നു പറഞ്ഞപ്പോള്‍ മര്‍ദിച്ചതായും നാദാപുരത്തെ ഒരു വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നുമാണ് അഷ്റഫ് വെളിപ്പെടുത്തിയത്.
കൊടുവള്ളി സംഘം നല്കുന്ന 50,000 രൂപയ്ക്കു പകരം 15 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. ഇതു സമ്മതിച്ചതോടെ വിട്ടയയ്ക്കുകയും ചെയ്തു.
എന്നാല്‍ സ്വര്‍ണം വിറ്റതിനു ശേഷം 10 ലക്ഷം രൂപയാണ് എത്തിച്ചു തന്നത്്. ഇതിനിടെ കൊടുവള്ളിയില്‍ നിന്നു സ്വര്‍ണത്തിന്റെ ഉടമകള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും തന്നെ തട്ടികൊണ്ടുപോവുകയുമായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്.
അഷ്റഫിനെ വിമാനത്താവളത്തില്‍ നിന്ന് തട്ടികൊണ്ടുപോയ കൊടുവള്ളി സ്വദേശികളുടെ മൊഴി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കസ്റ്റംസ് അനധികൃതമായി സ്വര്‍ണം കൊണ്ടുവന്നതിന് കേസെടുക്കാനാവൂ.
അഷ്റഫ് മുമ്പും കസ്റ്റംസിന്റെ കേസിലെ പ്രതിയാണ്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് കേസിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റും വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.