കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും ഇവരുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ക്കുമായി അന്വേഷണം ഊര്‍ജിതം.
കഴിഞ്ഞ നാലുദിവസമായി ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി കസ്റ്റംസ് നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്നയും സന്ദീപും ഒരുമിച്ചല്ല മുങ്ങിയിരിക്കുന്നതെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്തുനിന്നും ആംബുലന്‍സിലാണ് സ്വപ്ന കടന്നിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സന്ദീപിനെ തേടി കസ്റ്റംസ് ഇയാളുടെ നെടുമങ്ങാട്ടെ താമസ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു.
അഞ്ചു മണിക്കൂറോളം ചേദ്യം ചെയ്ത ഇവരെ പിന്നീട് വിട്ടയച്ചു. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സൂചന. സന്ദീപ് രണ്ടുദിവസം മുമ്പ് വീട്ടില്‍ നിന്നും പോയതാണെന്നും പിന്നീട് വിവരമൊന്നുമില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.
സന്ദീപ് ദുബായിയില്‍ പോകാറുണ്ടെങ്കിലും സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സരിത്തുമായി ചേര്‍ന്നായിരുന്നു ഇടപാടുകളെന്നുമായിരുന്നു സൗമ്യയുടെ മൊഴി.
സംഘടനാ നേതാവിലേക്കും അന്വേഷണം
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുമെന്നുറപ്പായപ്പോള്‍ സഹായത്തിനായി സ്വപ്ന സുരേഷ് വിളിച്ച സംഘടനാ നേതാവിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ ഇയാള്‍ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് സംഘടനാ നേതാവാണെന്നാണ് വിവരം.
സ്വപ്ന സഹായം തേടിയതിനെതുടര്‍ന്ന് ഇയാള്‍ കസ്റ്റംസിനെ വിളിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഞാറയ്ക്കലിലെ വസതിയില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.