കൊണ്ടോട്ടി: സ്വർണക്കടത്തുകാർക്കു കാരിയർമാരെയും വിശ്വസ്തരായി കാണാൻ കഴിയാത്ത അവസ്ഥ. കടത്തിയ സ്വർണം കസ്റ്റംസ് പിടിച്ചെന്നു കള്ളക്കടത്തുകാരെ ബോധിപ്പിച്ച്, സ്വർണം മുക്കുന്ന കാരിയർമാരുടെ എണ്ണം വർധിച്ചു വരികയാണ്.
ഇതാണ് പലപ്പോഴും യാത്രക്കാരെ തട്ടികൊണ്ടുപോകുന്നതിൽ വരെ എത്തി നിൽക്കുന്നത്. ഗൾഫിൽനിന്നു സ്വർണം കൊടുത്തയയ്ക്കുന്ന സംഘം വിമാനത്താവളത്തിൽ ഇതു കൈമാറേണ്ട ആളുകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകിയുട്ടുണ്ടാവും.
ഇവർ കാരിയർമാർ പുറത്തിറങ്ങുന്നതും കാത്ത് വിമാനത്താവള പരിസരത്തു കാത്തു നിൽക്കും. എന്നാൽ, വിമാനത്താവളത്തിൽ പുറത്തിറങ്ങുന്പോൾ തന്നെ സ്വർണം കൈമാറി കടത്തു സംഘത്തെ കബളിപ്പിക്കുന്ന കാരിയർമാരുടെ എണ്ണമാണ് വർധിച്ചിരിക്കുന്നത്.
ക്വട്ടേഷൻ സംഘം കൊടിയ പീഡനം ഏൽപ്പിച്ചിട്ടും കടത്തിയ സ്വർണം പിടികൊടുക്കാതെ മുക്കിയ കാരിയർമാരുടെ കേസും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാന ടിക്കറ്റും 15, 000മുതൽ 25,000 വരെ രൂപയുമാണ് സ്വർണക്കടത്തിനു നൽകുന്നത്.
എന്നാൽ, റിസ്ക് എടുത്ത് കടത്തിയ സ്വർണത്തിനു പാരിതോഷികം കുറഞ്ഞുവെന്നു തോന്നലും പെട്ടെന്ന് പണമുണ്ടാക്കാനുമാണ് കാരിയർമാർ സ്വർണം കള്ളക്കടത്തുകാരെയും പറ്റിച്ചു മുക്കുന്നത്.
അവർ സർക്കാരിന്റെ നികുതി വെട്ടിച്ചു കടത്തുന്നു. ഞങ്ങൾ ആ സ്വർണം തട്ടിയെടുക്കുന്നു. അടുത്തിടെ സ്വർണം കടത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ക്വട്ടേഷൻ സംഘം പോലീസിനു നൽകിയ വിവരണമാണിത്. സ്വർണം തട്ടിയെടുത്ത കാരിയർമാരെ പിന്തുടരുന്ന സംഘങ്ങൾ ഇപ്പോഴുമുണ്ട്.