കൊച്ചി: സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം നിലനില്‍ക്കില്ലെന്നു എന്‍ഐഎ പ്രത്യേക കോടതി. ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഗുരുതര കേസായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അതുകൊണ്ട് തന്നെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ചു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്.
സാമ്പത്തിക സുരക്ഷിതത്തെ ബാധിക്കും എന്ന് അറിവോടെയാണു താന്‍ കള്ളക്കടത്ത് നടത്തിയതെന്നു പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ടെന്നും കോടതി വിലയിരുത്തി.
കേസില്‍ യുഎപിഎ നിലനില്ക്കുന്നതു സംബന്ധിച്ചു കോടതി എന്‍ഐഎയോട് കൂടുതല്‍ വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു കേസ് ഡയറി കോടതി നിര്‍ദേശ പ്രകാരം എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണു സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്. സ്വപ്നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണു ഹാജരാക്കാന്‍ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവര്‍ വാദിച്ചിരുന്നു.
ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നതെന്നും ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറിയെന്നും ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണു പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന് ചോദിച്ചിരുന്നു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നുമാണു സ്വപ്ന സുരേഷിന്റെ അഭിഭാഷകന് വാദിച്ചത്.