കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നാലു സ്ത്രീകൾ ഉൾപ്പടെ ഏഴ് യാത്രക്കാരിൽ നിന്ന് 39 ലക്ഷത്തിന്റെ കളളക്കടത്ത് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് രണ്ട് യാത്രക്കാരികളും ഒരു യുവാവും കരിപ്പൂരിലെത്തിയത്.
യാത്രക്കാരനിൽ നിന്ന് 336 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇയാൾ കാലിൽ ധരിച്ചിരുന്ന സോക്സിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 14.1 ലക്ഷം വില വരും.
ഇതേ വിമാനത്തിലെ രണ്ട് വനിത യാത്രക്കാരിൽ നിന്നായി 230 ഗ്രാം സ്വർണവും പിടികൂടി. സ്വർണാഭരണങ്ങളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സ്വർണത്തിന്റെ നികുതി വെട്ടിച്ച് കടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഇതിന് 12.5 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ദിവസം ഫ്ളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്നും 1.08 ലക്ഷത്തിന്റെ കളളക്കടത്ത് പിടികൂടിയിരുന്നു. രണ്ട് സ്ത്രീകളിൽ നിന്ന് 100 ഗ്രാം വീതം സ്വർണം, മൊബൈൽ ഫോണ്, വിദേശ സിഗരറ്റ് കാർട്ടണുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.