കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിലേറെയും തെളിവുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയേറുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും മയക്കുമരുന്നു കേസിലെ പ്രതികളും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികളുടെ സംശയം ബലപ്പെടുന്നത്.
ബംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് ദുരൂഹതയേറിയത്.
കസ്റ്റംസ് അന്വേഷണസംഘം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ള സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവര്‍ മുന്‍കൂട്ടി തെളിവുകള്‍ നശിപ്പിച്ചിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നു വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വരെ പല നിര്‍ണായകമായ തെളിവുകളും നശിപ്പിച്ചിതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
പിടിയിലായ പ്രതികളില്‍ ഭൂരിഭാഗം പേരുടെയും കൈയിലുണ്ടായിരുന്നത് പുതിയ ഫോണാണ്. സിംകാര്‍ഡും പുതിയതായിരുന്നു. അറസ്റ്റുണ്ടാവുമെന്നറിഞ്ഞതോടെയാണ് പരമാവധി തെളിവുകള്‍ നശിപ്പിച്ചത്.
കസ്റ്റംസ് മുമ്പാകെ കീഴടങ്ങുന്നതിന് മുമ്പ് റമീസും ഫോണ്‍ നശിപ്പിച്ചിരുന്നു. ഇതെല്ലാം അന്വേഷണം ലഹരി റാക്കറ്റിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടിയാണെന്ന സംശയത്തിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പിന്നിലെ ലഹരി സംഘത്തിന്റെ പങ്കിനെക്കുറിച്ചും ഇപ്പോള്‍ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ഇതേത്തുടര്‍ന്നാണ് റമീസുള്‍പ്പെടെ ആറു പേരെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. രാഷ്ട്രീയ -സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് സൂചന.