സ്വന്തംലേഖകന്‍
കോഴിക്കോട്: വിമാനത്താവളം വഴി 3.42 കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചതിനു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്ത നാലു ശുചീകരണ തൊഴിലാളികളുടെ ബന്ധങ്ങള്‍ അന്വേഷിക്കുന്നു.
കരിപ്പൂര്‍ വിമാനതാവളത്തിലെ ശുചീകരണ കരാര്‍ ഏറ്റെടുത്ത യുഡിഎസ് കമ്പനിയിലെ ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരായ തേഞ്ഞിപ്പാലം മാട്ടില്‍ അബ്ദുള്‍സലാം, കോടങ്ങാട് കൊടലാചുള്ളയില് അബ്ദുള്‍ ജലീല്‍, അരീക്കോട് മൂര്‍ക്കനാട് വിളയില്‍ വി.പ്രഭാത്, വെള്ളൂര്‍ പിലാക്കാടന്‍ വീട്ടില്‍ മുഹമ്മദ് സാബിക്ക് എന്നിവരെയാണ് കോഴിക്കോട് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്ന കാരിയര്‍മാര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കു മുമ്പ് ശുചിമുറിയില്‍ എത്തും. ശരീരത്തിലും മറ്റിടങ്ങളിലും ഒളിപ്പിച്ച സ്വര്‍ണം ശുചീകരണ മുറിയുടെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയും ശുചീകരണ തൊഴിലാളികള്‍ ഇവ ശേഖരിച്ചു പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നതെന്നു ഡിആര്‍ഐ അറിയിച്ചു.
ഏതു സമയത്തും ഉപാധികളില്ലാതെ ശുചീകരണ തൊഴിലാളികള്‍ക്കു ശുചിമുറിയില്‍ കയറാം. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കള്ളക്കടത്ത് സംഘം ശ്രമിക്കുകയുമായിരുന്നു. സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിച്ചാല്‍ വന്‍ തുകയും കള്ളക്കടത്ത് സംഘം ഓഫര്‍ ചെയ്തിരുന്നു.
ശുചീകരണ തൊഴിലാളികളായതിനാല്‍ സുരക്ഷാ പരിശോധന ഒന്നുമില്ലാതെ തന്നെ ഇവര്‍ക്കു വിമാനതാവളത്തില്നിന്നു പുറത്തു കടക്കാനാവും. ശരീരത്തില്‍ ഒളിപ്പിച്ചും ബാഗിലാക്കിയുമാണ് ഇവര്‍ സ്വര്‍ണം പുറത്തെത്തിക്കുന്നത്. സ്വര്‍ണം പുറത്തെത്തിക്കുന്നതില്‍ മറ്റു ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ശുചീകരണതൊഴിലാളികള്ക്കു മറ്റാരുടെയും സഹായമില്ലാതെ തന്നെ സ്വര്‍ണം പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നതായാണ് ഡിആര്‍ഐക്കു ലഭിച്ച വിവരം. പ്രാഥമിക അന്വേഷണത്തില്‍ മറ്റു ജീവനക്കാര്‍ക്കു പങ്കില്ലെന്നാണ് കണ്ടെത്തല്‍.
എന്നാൽ, പിടിയിലായവരുടെ ഫോണ്‍ കോളുകളും മറ്റു വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ഡിആര്‍ഐ അറിയിച്ചു. ഇന്നലെ പിടിയിലായവരുടെ സഹായത്തോടെ 10 തവണ സ്വര്‍ണം പുറത്തേക്ക് എത്തിച്ചതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
അതേസമയം, ഞായറാഴ്ച പുലര്‍ച്ചെ 4.30 ന് ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കൊണ്ടുവന്ന 4.15 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു.
മുക്കം സ്വദേശി നിസാറിനെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട പത്താനാപുരം സ്വദേശി ഫസ് ലു റഹ്മാന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
തൊഴിലാളികള്‍ പുറത്തെത്തിച്ചതു കോടികളുടെ സ്വര്‍ണം
കൊണ്ടോട്ടി:കരിപ്പൂരില്‍ ഡി ആര് ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ടി വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം പുറത്തേക്ക് എത്തിച്ചു നല്‍കിയത് 10 കോടിയിലേറെ രൂപയുടെ സ്വര്‍ണം.
സ്വര്‍ണം ബിസ്ക്കറ്റുകളാക്കിയും മിശ്രിത രൂപത്തിലാക്കിയുമാണ് യാത്രക്കാര്‍ എത്തിച്ചത്. ഇവ വിമാനത്താവളത്തിലെ ശുചിമുറികളില്‍നിന്നു ശുചീകരണ തൊഴിലാളികളാണ് പുറത്തെത്തിച്ച് നല്‍കിയത്.സംഭവത്തില്‍ വിമാനത്താവളത്തിലെ നാലു ശുചീകരണ സൂപ്പര്‍വൈസര്‍മാരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെ ശുചീകരണ കരാര്‍ ഏറ്റെടുത്ത യുഡിഎസ് കമ്പനിയിലെ ശുചീകരണ സൂപ്പർ വൈസര്‍മാരായ അരീക്കോട് മൂര്‍ക്കനാട് വിളയില്‍ പ്രഭാത്, വെളളൂര്‍ പിലാക്കാടന്‍ വീട്ടില്‍ മുഹമ്മദ് സാബിഖ്, തേഞ്ഞിപ്പലം മാട്ടില്‍ അബ്ദുള്‍ സലാം, കോടങ്ങട് കൊടാംചുളളി അബ്ദുള്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ ജലീലും സലാമും ഞായറാഴ്ച സംഭവം നടന്നു മണിക്കൂറുകള്‍ക്കകം തന്നെ പിടിയിലായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റുളളവര്‍ പിടിയിലായത്. ഇവര്‍ക്കു വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനു ദോഹയില്‍നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം കൊണ്ടുവന്നത്. നാലു കിലോയോളമുളള സ്വര്‍ണ മിശ്രിതം വിമാനമിറങ്ങി കാത്തിരിപ്പു മുറിയിലെ വേസ്റ്റ്ബോക്സില്‍ ഒളിപ്പിക്കുകയായിരുന്നു.
ഇവിടെനിന്നാണ് കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് വിമാനത്താവള ശുചീകരണ സൂപ്പർ വൈസര്‍മാര്‍ സ്വര്‍ണം പുറത്തെത്തിച്ചു കളളക്കടത്ത് സംഘത്തിനു കൈമാറിയത്. കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊളിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നുമായി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണവുമായി ഇവര്‍ കടന്നു കളഞ്ഞത്.
വിമാനത്താവള റോഡില്‍ വച്ച് പിടികൂടുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ചു കളളക്കടത്ത് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്.സംഭവത്തില്‍ മുക്കം പഴനിങ്ങല്‍ വീട്ടില്‍ നിസാര്‍ ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലു റഹ്മാനെ പിടികൂടാനായിട്ടില്ല.