മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 89,69,068 രൂപ വരുന്ന 997.9 ഗ്രാം വരുന്ന സ്വർണമാണ് കാസർഗോഡ് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു കാസർഗോഡ് സ്വദേശി.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
ഈ മാസത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21.3 ലക്ഷം രൂപ വരുന്ന 262.7 ഗ്രാം സ്വർണവും 15.6 ലക്ഷം വരുന്ന 13 കിലോ കുങ്കുമപ്പൂവും വിദേശ സിഗരറ്റുകളുമാണ് പിടികൂടിയത്.