കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരാണിവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു സ്വര്ണമെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഇത് സ്വര്‍ണക്കടത്തില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ രീതി.
ഇങ്ങനെയാകുമ്പോള്‍ ജ്വല്ലറി ഉടമകള്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടാകില്ല. ഇത്തരത്തില്‍ ഇടനിലാക്കാരായി പ്രവര്‍ത്തിച്ചവരാണ് പിടിയിലായ അന്‍വറും സയ്തലവിയുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവള സ്വര്‍ണക്കടത്തിനായി പ്രതികള്‍ എട്ട് കോടി രൂപ സമാഹകരിച്ചുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ റെമീസും ജലാലും സന്ദീപും ഹംജദ് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്.
നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തിയിരുന്നത് ജലാലായിരുന്നു. പണം നിക്ഷേപിച്ചവരില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
അതേസമയം കസ്റ്റംസ് പ്രവന്റീവ് വിഭാഗം ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശി സംജു താഴെമനേടത്തിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തെ ത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളും പ്രതികള്‍ക്കൊപ്പം സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചതായാണ് വിവരം. ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ നാലു പേര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിട്ടുണ്ട്.
സരിത്, സ്വപ്ന, റെമീസ്, സന്ദീപ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. കള്ളക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും.
അതേസമയം കഴിഞ്ഞദിവസം റിമാന്‍ഡിലായ മലപ്പുറം സ്വദേശി റെമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.