കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടു പേരെ കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ എന്നിവരെയാണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.
മലപ്പുറത്തു നിന്നും അറസ്റ്റു ചെയ്ത ഇവരെ കസ്റ്റംസ് അധികൃതര്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം വിപണനം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍.
നേരത്തെ പിടിയിലായ പെരുന്തല്‍മണ്ണ സ്വദേശി റെമീസുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞദിവസം മൂന്നു പേരെ കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ച മഞ്ചേരി കമ്മുതറമ്മണ്ണില്‍ ടി എം മുഹമ്മദ് അന്‍വര്‍(43), മലപ്പുറം വേങ്ങര എടക്കണ്ടന്‍ ഇ.സെയ്ത്ലവി(60) എന്നിവരും കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കായി വില്‍പ്പന നടത്തിയ ജ്വല്ലറി ഉടമ കോഴിക്കോട് എലത്തൂര്‍ റസിയ മന്‍സിലില്‍ ടി എം സംജു(40)വും ആണ് അറസ്റ്റിലായത്.
ഇവര്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികളിലേക്ക് പോയതായി കണ്ടെത്തിയതോടെ പുതുതായി തുടങ്ങിയ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കഴിഞ്ഞ 2019 സെപ്റ്റംബര്‍ മുതൽ 2020 ജൂലൈ വരെ നയതന്ത്ര ബാഗേജ് ഉപയോഗിച്ച് 150 കിലോ സ്വര്‍ണമാണ് സംഘം കടത്തിയത്.
ഈ സ്വര്‍ണം വാങ്ങിയവരെക്കുറിച്ചും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടത്തുന്ന സ്വര്‍ണം വാങ്ങുന്നതിന് ജ്വല്ലറികളുമായി കരാറുണ്ടാക്കിയത് ജലാലായിരുന്നു.
അതേസമയം റമീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. കോവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.