കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി 1,200 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറം മുറയൂര്‍ സ്വദേശി കയ്യങ്ങല് പാലോളി അജ്മല്‍(24)ലിനെ ഇന്നലെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു.
ഇയാള്‍ ആദ്യമായാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. അതേസമയം അജ്മലിന് ആരാണ് സ്വര്‍ണം നല്‍കിയതെന്നും മറ്റമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
ജിദ്ദയില്‍ നിന്നു വന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അജ്മല്‍. ഹൈഡ്രോളിക് എയര്‍പമ്പിനുള്ളിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ചായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വിപണിയില്‍ എകദേശം 62 ലക്ഷം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.