തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് യുഡിഎഫ്. പിണറായി സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കറിനെതിരെ പ്രമേയവും കൊണ്ടുവരാൻ യുഡിഎഫ് യോഗം തീരുമാനിച്ചതായി കൺവീനർ ബെന്നി ബെഹന്നാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുസംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കാൻ പ്രതിക്ഷനേതാവിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രമേയങ്ങള്‍ എന്ന് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. മറ്റ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിക്കുമെന്നും ബെന്നി പറഞ്ഞു.
സ്പീക്കർ നിയമസഭയുടെ അന്തസ് കെടുത്തിയെന്നും യുഡിഎഫ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്നയുമായി സ്പീക്കര്‍ക്ക് സൗഹൃദമുണ്ടെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികളെ സംരക്ഷിക്കുന്നതിനും അവരെ സാഹയിക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായുള്ള ബന്ധം കൂടുതൽ തെളിവുകളോടെ പുറത്തുവന്നിരിക്കുകയാണ്.
ട്രിപ്പിൾ ലോക്ക്ഡൗണിലും പ്രതികൾ തിരുവനന്തപുരം വിട്ട് പോയത് മുഖ്യമന്ത്രിയുടെ അറിവോടെയും ഒത്താശയോടെയുമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബെന്നി കൂട്ടിച്ചേർത്തു.