തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സിബിഐ തന്നെയാണ് അന്വേഷണത്തിന് വേണ്ടതെന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ആപൂർവങ്ങളിൽ അപൂർവമാണ്.
ഇതിനാൽ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് സംയുക്തമായി മാധ്യമങ്ങളെ കണ്ടത്.
സിബിഐയുടെ സ്വതന്ത്ര അന്വേഷണത്തിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകേണ്ടത്. കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. എന്നാൽ ഡിജിപിക്ക് എൻഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്. ശിവശങ്കരനെ മുഖ്യമന്ത്രി ഒരിക്കലും കൈവിടില്ലെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണ്.
ഇതാണ് തങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കാരണം. മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നും നേതാക്കൾ പറഞ്ഞു.