കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണകള്ളക്കടത്തിനു കൂട്ടുനിന്ന സിഐഎസ്എഫ് അസി. കമാണ്ടന്റ് നവീന്‍കുമാറിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.അറസ്റ്റിനു സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ നവീന്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ ഉത്തരവിറക്കി.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഇന്നലെ രാത്രിയില്‍ ദീര്‍ഘനേരം ഇയാളെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായാണ് സൂചന.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെയാണ് നവീന്‍കുമാറിന്റെ ചോദ്യംചെയ്യല്‍.
ഈ മാസം അഞ്ചിന് വിമാനത്താവളത്തിനു പുറത്തുവച്ച് രണ്ടു യാത്രക്കാരില്‍ നിന്ന് 503 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തതാണ് കള്ളക്കടത്തുകാരും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുളള അവിഹിത കൂട്ടൂകെട്ടിന്റെ വിവരം പുറത്തുവരുന്നതിലേക്കു നയിച്ചത്.
ഇവരില്‍നിന്നു സ്വര്‍ണം വാങ്ങാന്‍ എത്തിയ രണ്ടുപേരില്‍നിന്നാണ് വിമാനത്താവളത്തിലെ ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷറഫലിയെക്കുറിച്ച് വിവരം ലഭിച്ചത്.
ഷറഫലിയുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളാണ് ഉന്നത ഉദ്യോഗസ്ഥരിലേക്ക് നയിച്ചത്. വിമാനത്താവളത്തില്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടിയുടെ വിശദാംശമടക്കം സ്വര്‍ണക്കടത്തുകാരില്‍നിന്നു ലഭിച്ചതാണ് ഉദ്യോഗസ്ഥരടെ പങ്കിലേക്ക് വെളിച്ചംവീശിയത്.
ഉദ്യോഗസഥരുടെ മൊബൈല്‍ ചാറ്റ് അടക്കം പോലീസ് കണ്ടെടുത്തിരുന്നു. പ്രത്യേക സിം കാര്‍ഡും പിടിച്ചെടുത്തു. ഇതോടെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസര്‍ക്കും നവീന്‍കുമാറിനും പങ്കുള്ളതായി വ്യക്തമായത്.
കൊടുവള്ളിയിലെ സംഘത്തിനുവേണ്ടിയാണ് സ്വര്‍ണം െകാണ്ടുവന്നിരുന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ 60 തവണ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍. നവീന്റെ ഫ്ളാറ്റില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കാര്യമായ രേഖകളൊന്നും ലഭിച്ചില്ല.
തുടര്‍ന്നാണ് ഡിവൈഎസ്പിയുടെയും പിന്നീട് പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് നിലവില്‍ നവീനെതിരേ കേസ് എടുത്തിട്ടുള്ളത്.