എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു ചേരും. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയുണ്ടാകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ വഴിവിട്ട ബന്ധം തിരിച്ചറിയുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയോ എന്ന കാര്യം സെക്രട്ടറിയേറ്റ് പരിശോധിക്കും.
ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസ് ഇനിയും ആരോപണങ്ങളിൽ വീഴാതിരിക്കാൻ പാർട്ടിയുടെ കരുതൽ എന്നനിലയിൽ പാർട്ടിയിൽ നിന്നും ഒരാളെ ഓഫീസിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടാകുമെന്ന് അറിയുന്നു.
സംസ്ഥാന കമ്മറ്റി അംഗമായ എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് അവിടെ കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് നടന്നതെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്.
അദ്ദേഹത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയതോടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. അതിനു ശേഷം പകരം പാർട്ടിയിൽ നിന്നും ആരെയും ആ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയിരുന്നില്ല.
പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായ പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം അത്ര പോരെന്ന് നേരത്തെ തന്നെ പാർട്ടിയിൽ പരാതിയുണ്ട്.
എം.ശിവശങ്കർ സ്വർണക്കടത്തു കേസിൽ ആരോപണവിധേയനായ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതിനെത്തുടർന്ന് ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സെക്രട്ടറിയേറ്റ് ചിലപ്പോൾ തീരുമാനമെടുത്തേക്കും.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപടാണ് നിർണായകം. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ പകരം ആ സ്ഥാനത്തേക്ക് ആരെ നിയമിക്കുമെന്ന കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റിന് ചർച്ച ചെയ്യേണ്ടി വരും. പി. ജയരാജൻ, കെ. രാഗേഷ്, ജെയിംസ് മാത്യൂ എന്നിവരിലാരെയങ്കിലും പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.