കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവില്‍. കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ “ഡി കമ്പനി’യുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചതോടെയാണു കേസ് പുതിയ തലത്തിലേക്ക് ഉയര്‍ന്നത്.
അന്താരാഷ്ട്ര ബന്ധങ്ങള്‍ നിരവധി ഉണ്ടായിരുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണെങ്കിലും “ഡി കമ്പനി’യുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായ എന്‍ഐഎയുടെ നിലപാട് കേസിന്റെ ഗൗരവം വർധിപ്പി ച്ചിരിക്കുകയാണ്.
കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കേയാണു എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്.
പ്രതികളുടെ യാത്ര അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘം ഈ വിലയിരുത്തലിലേക്ക് എത്തിയതെന്നാണു നിഗമനങ്ങള്‍. ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചത്.
ടാന്‍സാനിയയും ദുബായും “ഡി കമ്പനി’ സജീവമായിരിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. ടാന്‍സാനിയയിലെ “ഡി കമ്പനി’യുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്.
റമീസിന് ഡി കമ്പനിയുമായുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണു എന്‍ഐഎ ബോധിപ്പിച്ചത്. കെ.ടി. റമീസ്, ഷറഫുദ്ദീന് എന്നിവര്‍ ടാന്സാനിയയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ ഇരുവരും സന്ദര്‍ശിച്ചിരുന്നു.
ടാന്‍സാനിയയില്‍ ആയിരിക്കുമ്പോള്‍ റമീസ് വജ്ര വ്യാപാരത്തിനായി ലൈസന്‍സ് വാങ്ങാന്‍ ശ്രമിച്ചതായും പിന്നീട് യുഎഇയിലേക്ക് സ്വര്‍ണം കടത്തിയതായും എന്‍ഐഎ ആരോപിച്ചു. ഈ സ്വര്‍ണം യുഎഇയില്‍നിന്ന് കേരളത്തിലേക്കും കൊണ്ടുവന്നു.
ടാന്‍സാനിയയില്‍ ഷറഫുദ്ദീന് റൈഫിള്‍ കൈവശംവച്ചിരിക്കുന്ന ഫോട്ടോയും എന്‍ഐഎ വീണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്ത് നടക്കുമ്പോള്‍ തന്നെ റൈഫിളുകളും കടത്തിയതായുള്ള വിവരങ്ങളും സംഘം കോടതിയില്‍ അറിയിച്ചു.
2019 നവംബറില്‍ 13 റൈഫിളുകള്‍ കള്ളക്കടത്ത് നടത്തിയതെന്നാണു എന്ഐഎചൂണ്ടിക്കാട്ടിയത്. ഈ സമയം സ്വര്‍ണക്കടത്തും നടത്തിയിരുന്നു.കൈവെട്ട് കേസില്‍ വെറുതെ വിട്ട പ്രതി മുഹമ്മദലിക്ക് ഐഎസുമായും സിമിയുമായും ബന്ധമുള്ളതായും എന്‍ഐഎ അവകാശപ്പെട്ടു.
പ്രധാന പ്രതി സ്വപ്നയുടെ മൊബൈല്‍ ഫോണില്‍നിന്ന് സാക്കിര്‍ നായിക്കിന്റെ ഫോട്ടോയും വിദേശ, ഇന്ത്യന്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.