കൊച്ചി: സ്വര്‍ണക്കടത്തിന്റെ സുപ്രധാന കണ്ണി പ്രവാസി വ്യവസായി ദാവൂദ് അല്‍ അറബിയാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഈ “ഭീകരനെ’ത്തേടി അന്വേഷണ ഏജസികള്‍.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരന് ദാവൂദ് അല്‍ അറബിയെന്ന വ്യവസായിയാണെന്ന റമീസിന്റെ മൊഴി പുറത്തുവന്നതോടെയാണ് ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും തുടരുന്നത്.
ഇയാള്‍ ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം. വിവിധ തലങ്ങളില്‍ ഇയാള്‍ക്ക് ഉന്നത സ്വാധീനമുള്ളതായും സംശയിക്കുന്നു.
കടത്തിന്റെ കേന്ദ്രബിന്ദു
ദാവൂദ് അല്‍ അറബി യുഎഇക്കാരനാണെന്ന മൊഴി എന്‍ഐഎ മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രബിന്ദു എന്നു പറയാവുന്ന ദാവൂദ് അല്‍ അറബിയെക്കുറിച്ച് പല സംശയങ്ങളും അന്വേഷണ ഏജന്‍സികള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ദാവൂദ് അല്‍ അറബി ഒരു മലയാളിയാണ് എന്ന ശക്തമായ സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. ഈ പേരില്‍ ഒന്നിലേറെ ആളുകള്‍ ചേര്‍ന്ന് സമര്‍ത്ഥമായി സ്വര്‍ണക്കടത്ത് നടത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ ഉറവിടം ആരാണെന്നത് തുടക്കം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ദുബായില്‍നിന്നും കേരളത്തിലേക്കു സ്വര്‍ണം പല മാര്‍ഗങ്ങളിലൂടെ അയച്ചത് കെ.ടി. റമീസും ഫൈസല്‍ ഫരീദും അടക്കമുള്ളവര്‍ ചേര്‍ന്നാണ്.
സ്വര്‍ണം വാങ്ങാന്‍ ഇവര്‍ക്ക് ഫണ്ട് ചെയ്ത പല ബിസിനസുകാരും സ്വര്‍ണം നയതന്ത്ര ചാനലിലൂടേയും മറ്റുമായി കസ്റ്റംസിനെ വെട്ടിച്ച് കേരളത്തില്‍ ഇറക്കുകയും ചെയ്ത സ്വപ്ന സുരേഷ് അടക്കമുള്ളവരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
അൽ അറബി സാങ്കൽപ്പികമോ?
കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ പ്രതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന സംശയം ബലപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു സാങ്കല്പിക നാമമാണോ എന്ന സംശയവും ബലപ്പെടുന്നു.
കേസ് അട്ടിമറിക്കാനുള്ള റമീസിന്റെ മറ്റൊരു തന്ത്രമായും അന്വേഷണ ഏജന്‍സികള്‍ കാണുന്നു. ദാവൂദ് അല്‍ അറബിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇപ്പോള്‍ അറസ്റ്റിലായ റബിന്സില്നിന്നും കഴിയും എന്നാണ് ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.
ദുബായിയില്‍നിന്നും നാടുകടത്തിയ റബിന്‍സിനെ കേരളത്തിലെത്തിച്ചാണു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ദാവൂദ് അല്‍ അറബി പ്രവാസി വ്യവസായിയാണോ എന്ന് ഇയാളെ ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമാകും എന്നാണ് പ്രതീക്ഷ.
കേസിലെ പ്രതി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് ഹമീദിനെ (42) ഏഴ് ദിവസമാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്.