കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകവേ, കള്ളപ്പണകേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിനെ ഉള്‍പ്പെടെയുള്ളവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രധാന പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്കൊപ്പമാകും ശിവശങ്കറെയും ഇഡി ചോദ്യം ചെയ്യുക. ഇതിനുള്ള നീക്കങ്ങള്‍ അധികൃതര്‍ സ്വീകരിച്ചുകഴിഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണു സംഘത്തിന്റെ നീക്കമെന്നാണു വിവരങ്ങള്‍. നിലവില്‍ ശിവശങ്കർ മാത്രമാണ് ഇഡിയുടെ കസ്റ്റഡിയിലുള്ളത്.
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി തീരുംമുമ്പ് മറ്റുള്ളവരെയും കസ്റ്റഡിയില്‍ വാങ്ങിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നതത്രേ.
അതിനിടെ, കള്ളപ്പണകേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച ശിവശങ്കറെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.
കോടതി നിര്‍ദേശപ്രകാരം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെമാത്രമാണു ചോദ്യം ചെയ്യല്‍.
ആവശ്യത്തിനു വിശ്രമവും ചികിത്സാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ ഡോക്ടറുടെ സേവനം ഇന്നലെ ശിവശങ്കറിന് ഒരുക്കി നല്‍കിയതായാണു സൂചന. ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന്റെ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കുന്നുണ്ടെങ്കിലും ചില ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് സൂചന.
ശിവശങ്കറിന്റെ ഉത്തരങ്ങളെ പൂര്‍ണമായും വിശ്വസിക്കാന്‍ ഇഡി തയാറായിട്ടില്ല. എല്ലാ രേഖകളും മുന്നില്‍വച്ചുള്ള ചോദ്യം ചെയ്യലില്‍ ഉത്തരം നല്‍കുന്നതിലും ശിവശങ്കര്‍ പലപ്പോഴും മടികാണിക്കുന്നുണ്ട്.
ഏതായാലും വരും ദിവസങ്ങളില്‍ ശിവശങ്കര്‍ പൂര്‍ണമായും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കൂടുതല്‍ വിശ്രമവും ചികിത്സയും നല്‍കണമെന്ന നിര്‍ദേശത്തോടെയാണു കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.