കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ മാസങ്ങളോളം തിളങ്ങി നിന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ശോഭ കൂട്ടാന്‍ സമ്മര്‍ദ തന്ത്രവുമായി ബിജെപി. തദ്ദേശതെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ ആയുധമായി ഉപയോഗിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസ് മാസങ്ങളായി നിര്‍ജീവമായിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളുടെ മേൽ സമ്മർദം?
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലുള്‍പ്പെടെയുള്ള ഉന്നതരുടെ പേര് വീണ്ടും ഉയര്‍ത്തികൊണ്ടുവരാനും വിവാദ വിഷയമായി നിലനിര്‍ത്താനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രഏജന്‍സികളുടെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കവും ആരംഭിച്ചു.ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരേയും അന്വേഷണം വേഗത്തിലാക്കുന്നതിന്റെ പ്രാധാന്യം അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി വി.മുരളീധരനും പ്രധാനമന്ത്രിയെ കണ്ട് വരും ദിവസങ്ങളില്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെടുമെന്നാണ് സൂചന.സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലയ്ക്കാന്‍ കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാന സര്‍ക്കാരുമായി ഒത്തുതീര്പ്പുണ്ടാക്കിയതിനെത്തുടര്ന്നാണെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അന്വേഷണം വീണ്ടും ആരംഭിക്കുന്നതോടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാവും. കെ.സുരേന്ദ്രന് നയിക്കുന്ന യാത്രയിലും സ്വര്‍ണക്കടത്ത് കേസ് പ്രധാന വിഷയമാക്കി മാറ്റാനാണ് തീരുമാനിച്ചത്.
പാതി വഴിയിൽ വേഗം കുറഞ്ഞു
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്ഫോഴ്സ്മെന്റ്് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങി മൂന്ന് കേന്ദ്ര ഏജന്‍സികളായിരുന്നു അന്വേഷണം നടത്തിയത്.മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ അന്വേഷണം എത്തിയിരുന്നെങ്കിലും പിന്നീട് വേഗം കുറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി അന്വേഷണസംഘം കസ്റ്റംസ് ബോര്‍ഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിക്കുകയും ചെയ്തു. എന്നാല്‍ അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും തയാറായിട്ടില്ല.
കാലതാമസം രാഷ്ട്രീയ ആയുധമാകുന്നു
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരേയും കൂടുതല്‍ അന്വേഷണം പിന്നീടുണ്ടായില്ല. അന്വേഷണത്തിലെ കാലതാമസം ബിജെപിക്കെതിരേയുള്ള രാഷ്ട്രീയ ആയുധമായാണ് മാറുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ പദ്ധതികള്‍ മുടക്കുന്ന വിധത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു ധനമന്ത്രിയുടെ ഓഫീസിനു കൈമാറി.
കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയിലുള്ള അന്വേഷണത്തില്‍ നിന്ന് കേന്ദ്രഏജന്‍സികള്‍ പിന്മാറിയതെന്നാണറിയുന്നത്.
ഇത് തിരുത്തുന്നതിനുള്ള സമ്മര്‍ദ തന്ത്രങ്ങളുമായാണ് സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ സമീപിച്ചത്.