സ്വന്തം ലേഖകൻ
തൃശൂർ: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് മുങ്ങി. കടുത്ത നടപടികളാണ് യുഎഇ ഫൈസലിനെതിരെ കൈക്കൊള്ളുന്നത്.
ഫൈസലിനെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽനിന്ന് അനധികൃതമായി മറ്റുരാജ്യങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാൻ യാത്രാവിലക്കും ഏർപ്പെടുത്തി. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിക്കുന്നതനുസരിച്ച് ദുബായ് പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്താനാണ് സാധ്യത.
യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമിച്ചെന്ന പരാതിയുള്ളതിനാലാണ് ഫൈസലിനെ ദുബായ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കാണാതായത് ഞായറാഴ്ച രാത്രിമുതൽ
ഞായറാഴ്ച രാത്രി മുതലാണ് ഫൈസലിനെ കാണാതായിരിക്കുന്നത്. അതുവരെ പരസ്യപ്രസ്താവനകളും ചാനൽ അഭിമുഖങ്ങളുമായി ഫൈസൽ രംഗത്തുണ്ടായിരുന്നു.
യുഎഇയിലെ ബന്ധങ്ങൾ ഉപയോഗിച്ച് എങ്ങിനെയെങ്കിലും പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന.
വിസ റദ്ദാക്കി
യുഎഇയിലെ താമസ വിസയും റദ്ദാക്കിയതായാണ് വിവരം. അതുകൊണ്ടുതന്നെ നിയമപരമായി ഫൈസലിന് യുഎഇയിൽ തുടരാനാവില്ല. ഈ സാഹചര്യത്തിൽ ഇയാളുടെ സുഹൃത്ബന്ധങ്ങളിലുള്ള യുഎഇ പൗരന്മാർ ഇയാളെ സഹായിക്കാൻ മുതിരില്ലെന്നാണ് സൂചന.
സാധ്യത നാടുകടത്തലിന്
ഇന്ത്യയിൽ വളരെ ഗുരുതരമായ ഒരു കേസിൽ അന്വേഷണം നേരിടുന്ന പ്രതിയെന്ന നിലയ്ക്ക് ഫൈസലിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്താവളം വഴി നാടുകടത്തുകയാണ് ചെയ്യുക.
കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയുള്ളതിനാൽ മറ്റുതടസങ്ങളില്ലാതെ ഫൈസലിനെ ഇന്ത്യയിലെത്തിക്കാമെന്ന് നിയമവിദഗ്ധർ പറയുന്നു.