തലശേരി: സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി തൃശൂർ കൊടുങ്ങല്ലൂർ മൂന്നു പീടികയിലെ ഫൈസൽ ഫരീദ് ഇന്ത്യയിലെത്താതിരിക്കാൻ യുഎഇയിൽ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോർട്ട്.
കേസിൽ ആദ്യം മുതൽ ബന്ധമുണ്ടെന്ന് പറഞ്ഞുകേൾക്കുന്ന മുതിർന്ന ഐ പി എസ് ഓഫീസറുടെ പങ്കും അടുത്തു തന്നെ പുറത്ത് വരുമെന്നാണ് സൂചന. 2021 ൽ ഉന്നത പദവിയിലേക്കെത്തേണ്ട ഈ ഐപിഎസ് ഉദ്യോഗസ്ഥന്റെ കളളക്കടത്ത് ബന്ധം പുറത്ത് കൊണ്ടുവരുവാൻ ചില ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ് രംഗത്തു വന്നിട്ടുള്ളത്.
എന്നാൽ കള്ളക്കടത്ത് കേസിൽ തന്റെ പങ്ക് പുറത്ത് വരാതിരിക്കാൻ തന്റെ എതിരാളികളായ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാൻ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തീവ്ര ശ്രമമാണ് നടത്തി വരുന്നത്.
ഫൈസൽ ഫരീദിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ദുബായിയിലെ മലയാളിയായ പ്രമുഖനാണ് ഫൈസൽ ഫരീദ് നാട്ടിലെത്താതിരിക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് ദുബായിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.
ഫൈസൽ ഫരീദ് എൻഐഎയുടെ കസ്റ്റഡിയിലെത്തിയാൽ കേരളത്തിലെയും ദുബായിലേയും മലയാളികൾ ഉൾപ്പെടെയുള്ള പല പ്രമുഖരുടേയും മുഖം മൂടി അഴിയും. ഈ ഒറ്റക്കാരണത്താൽ തന്നെ ഫൈസൽ ഫരീദിനെ മറ്റേതെങ്കിലും രാജ്യത്തേക്ക് നാട് കടത്താനാണ് നീക്കം നടക്കുന്നത്.
ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഇപ്പോൾ എവിടെയാണെന്നത് ദുരൂഹമായി തുടരുകയാണ്. അതീവ രഹസ്യമായി ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിൽ നിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ദുബായ് പോലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.
നിരവധി മലയാളികൾ സിഐഡികളായുള്ള ദുബായ് പോലീസ് കളളക്കടത്ത് കേസിൽ കേസിൽ ദുബായിയിലെ പല പ്രമുഖരുടേയും പങ്കും അന്വേഷിച്ചു വരികയാണ്. അതേസമയം, ഫൈസലിനെ വിട്ടുകിട്ടാനു ള്ള നടപടി ക്രമങ്ങൾ ഇതുവരെയും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടില്ല.