കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് തടയുന്നതിനായി കേന്ദ്ര സേനകള്‍ക്ക് പുറമേ ഇനി ജിഎസ്ടി ഇന്റലിജന്‍സും രംഗത്ത്. കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് നിയമപ്രകാരമുള്ള തടസങ്ങള്‍ നീങ്ങിയതിനെത്തുടര്‍ന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പരിശോധന ശക്തമാക്കാനും നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചത്.
നികുതി വെട്ടിച്ചാൽ സ്വർണം കണ്ടുകെട്ടും
നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയാല്‍ നികുതി വകുപ്പിനു സ്വര്‍ണം കണ്ടുകെട്ടാം. ഇത്തരത്തിലുള്ള നടപടികളാകും ഇനി സ്വീകരിക്കുക. പിടികൂടുന്ന സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും അതിനുള്ള പിഴയുമടക്കം വന്‍ തുക ഈടാക്കിയാല്‍ മാത്രമേ ഇനി സ്വര്‍ണം വിട്ടുനല്‍കുകയുള്ളൂ.
കസ്റ്റംസും ഡിആര്‍ഐയും സമാനമായ രീതിയിലാണ് സ്വര്‍ണക്കടത്ത് തടയാന്‍ നടപടി സ്വീകരിച്ചു വരുന്നത്. അതേസമയം കസ്റ്റംസ് ആക്ട് കൂടി ചുമത്താന്‍ ഇവര്‍ക്ക് അധികാരമുണ്ട്.
അനധികൃത സ്വര്‍ണക്കടത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്വര്‍ണം പിടിച്ചെടുക്കുമെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലും പോസ്റ്റിട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്ത് തടയുന്നതിന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കാര്യമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ജിഎസ്ടി നിയമ പ്രകാരം കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് നിയമപ്രകാരം ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ജിഎസ്ടി നിയമത്തിന്റെ 129, 130 വകുപ്പുകള്‍ പ്രകാരമാണ് കണ്ടുകെട്ടല്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കുന്നത്.
വകുപ്പ് 129 പ്രകാരം നല്കുന്ന നോട്ടീസുകള്‍ അനുസരിച്ച് കടത്തുന്ന സ്വര്‍ണത്തിന്റെ നികുതിയും അതിനുതുല്യമായ പിഴയും അടച്ചാല്‍ ഉടമയ്ക്ക് വിട്ടുകൊടുക്കണമെന്നതാണ് വ്യവസ്ഥ.
നികുതി വെട്ടിപ്പ് ബോധ്യമാകുന്ന കേസുകളില്‍ ജിഎസ്ടി നിയമത്തിന്റെ വകുപ്പ് 130 പ്രകാരം നടപടികള്‍ ആരംഭിച്ച് അവ പിടിച്ചെടുക്കുന്നതിന് അധികാരമുണ്ടായിരുന്നെങ്കിലും കേരള ഹൈക്കോടതി ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച വിധിന്യായത്തെത്തുടര്‍ന്ന് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
വകുപ്പ് 129, വകുപ്പ് 130 എന്നിവ പ്രയോഗിക്കുന്നതിന് ഏകദേശം സമാനമായ സാഹചര്യങ്ങള്‍ രണ്ട് വകുപ്പിലും പ്രതിബാധിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ഇന്ത്യയില്‍ ആദ്യമായി ഗുജറാത്ത് ഹൈക്കോടതി ആണ് നടത്തിയത്.
വളരെ വിശദമായി പരിശോധിച്ചിട്ടു പോലും, രണ്ട് അംഗങ്ങള്‍ ഉള്ള ബെഞ്ചിലെ ഒരു ജഡ്ജി ഇക്കാര്യത്തില്‍ ഒന്ന് കൂടി വ്യക്തത വരുത്തുന്ന കാര്യം നിയമനിര്‍മാണ സഭകള്‍ പരിശോധിക്കണമെന്ന അഭിപ്രായം പ്രത്യേകം രേഖപ്പെടുത്തി.
ഇത്തരം ഒരു സാഹചര്യം നിലവില്‍ ഉള്ളതുകൊണ്ടാണ് വകുപ്പ് 130 പ്രയോഗിക്കുവാന്‍ നികുതി വകുപ്പ് വിമുഖത കാണിച്ചത്. കണ്ടുകെട്ടുക എന്നത് കടുത്ത നടപടിയായതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതുവരെ ഇത്തരം നടപടി നികുതി വകുപ്പ് സ്വീകരിച്ചിട്ടില്ല.
വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ നിയമ വിശകലനവും ഉപദേശവും ലഭ്യമായ സാഹചര്യത്തിലാണ് വകുപ്പ് 130ല്‍ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍, ചരക്ക് കണ്ടുകെട്ടുവാന്‍ തീരുമാനിച്ചത്.
അതോടൊപ്പം നികുതി വെട്ടിപ്പ് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്കുന്ന വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര കസ്റ്റംസ് വകുപ്പിന് സമാനമായി പാരിതോഷികം നല്‍കും.
പൊതുജനങ്ങള്‍ നല്കുന്ന വിവരം ജിഎസ്ടി ഇന്റലിജന്‍സ് രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞദിവസം തൃശ്ശൂര്‍ ജില്ലയില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഷാഡോ ഓപ്പറേഷനിലൂടെ 3846.62 ഗ്രാം സ്വര്‍ണമാണ് കണ്ടുകെട്ടിയത്.
വകുപ്പ് 130 ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു നടപടി.