കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ് ഹരിരാജ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് അധികൃതര്‍ നേരത്തെ ഇയാളെ അറിയിച്ചിരുന്നു.
ഇതനുസരിച്ചാണ് ഇന്ന് രാവിലെ 10.30 ഓടെ ഇയാള്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ഓഫീസിലെത്തിയത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് ഹരിരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു.
തിരുവനന്തപുരത്ത് കാര്‍ഗോ ഏജന്റ്സ് അസോസിയേഷന് നേതാവാണ് ഹരിരാജ്. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി ഇയാള്‍ കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ് വിവരം.
ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഹരിരാജ് നിഷേധിച്ചു. നരേന്ദ്രമോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രമാണെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്.
അതേസമയം കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടും. ഇവരെ പിടികൂടിയാല്‍ മാത്രമേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വ്യക്തമായ ചിത്രം ലഭിക്കൂവെന്നാണ് കസ്റ്റംസിന്റെ നിലപാട്.