തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഉടനെ തന്നെ ഐടി വകുപ്പിലെ ജോലിയിൽ നിന്ന് സ്വപ്ന സുരേഷിനെ പുറത്താക്കുകയും ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതലകളിൽ നിന്ന് എം.ശിവശങ്കറിനെ മാറ്റുകയും ചെയ്തെങ്കിലും ആരോപണങ്ങൾ ഉയരുന്ന സാഹചര്യം പോലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് സിപിഐ മുഖപത്രം.
കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണക്കള്ളക്കടത്ത് എന്ന യഥാർഥ കുറ്റകൃത്യം മറഞ്ഞു പോകുന്ന സ്ഥിതിയുണ്ടായിക്കൂടാ എന്നും ജനയുഗത്തിലെ മുഖപ്രസംഗം പറയുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണം. സമഗ്രമായി അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം. ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും അർഹമായ ശിക്ഷ ലഭ്യമാക്കണമെന്നും മുഖപ്രസംഗം പറയുന്നു.