മട്ടന്നൂർ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ സ്വർണക്കടത്ത് വർധിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കി. കഴിഞ്ഞമാസം മൂന്ന് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്ന് 74 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കിലോഗ്രാം സ്വർണമാണ് യാത്രക്കാരിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം റാസൽ ഖൈമയിൽ നിന്ന് സ്പൈസ് ജെറ്റ് ചാർട്ടേർഡ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുള്ളയിൽ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന 990 ഗ്രാം
സ്വർണവും ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനിൽ നിന്ന് 20 ലക്ഷത്തിന്റെ സ്വർണവും കോഴിക്കോട് വടകര സ്വദേശി മുഹമ്മദലിയിൽ നിന്ന് 112 ഗ്രാം സ്വർണവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് പിടികൂടിയത്.
ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണക്കടത്ത് നടത്തുന്നത്.
ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെയുള്ള പരിശോധനയ്ക്കിടെയാണ് സ്വർണക്കടത്ത് നടത്തുന്നത്. വിമാനം ഇറങ്ങി വരുന്നവരെ സിസിടിവി കാമറയിലൂടെയും മറ്റും നിരീക്ഷിച്ചും ചെക്ക് ഇൻ പരിശോധനയിലുമാണ് സ്വർണം കണ്ടെത്തുന്നത്. സംശയം തോന്നുന്നവരെ മാറ്റി നിർത്തി പിന്നീട് കസ്റ്റംസ് വിശദമായി പരിശോധിക്കും.
കഴിഞ്ഞ മൂന്ന് കേസുകളും പിടികൂടിയത് കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സുകുമാരൻ, വി.നായിക്, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണൻ, കെ.വി.രാജു എന്നിവർ അടങ്ങുന്ന സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.