മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധന ഊർജിതമാക്കി. വിമാനത്തിൽ എത്തുന്നവരെ ഇറങ്ങുന്നതു മുതൽ വിമാനത്താവളത്തിന് പുറത്ത് എത്തുന്നതുവരെ കാമറയിലൂടെ കസ്റ്റംസ് നിരീക്ഷിക്കും.
ശരീരഭാഷയിൽ പ്രത്യേകത കണ്ടെത്തിയാൽ ഇവരെ പ്രത്യേകം പരിശോധിക്കും. സ്വർണക്കടത്ത് പരിശോധന കണ്ണൂർ വിമാനത്താവളത്തിൽ കർശനമാക്കിയിരിക്കുകയാണ്. രണ്ടര കിലോ സ്വർണവുമായാണ് ഇന്നലെ കാസർഗോഡ്, നാദാപുരം സ്വദേശികളായ ഏഴ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഒരു കോടി 24 ലക്ഷം രൂപ മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് എത്തിയ ഫ്ലൈ ദുബായ്, രാത്രി എട്ടിന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് രണ്ടു കിലോ 510 ഗ്രാം സ്വർണം പിടികൂടിയത്.
ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ ആറ് പേരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഒരാളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എഴ് പേരിൽ നിന്ന് സ്വർണം കണ്ടെടുത്തത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഐസ് പായ്ക്ക് കവറിലാക്കി അടിവസ്ത്രത്തിന്റെയും ജീൻസ് പാന്റിന്റെയും ഇലാസ്റ്റിക്കിന്റെ ഭാഗങ്ങളിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.
ഒരാളിൽ 300 ഗ്രാം മുതൽ 350 ഗ്രാം വരെ സ്വർണമാണുണ്ടായിരുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയെയുംപേരെ സ്വർണവുമായി കസ്റ്റംസ് പിടികൂടുന്നത്.
സ്വർണം ജ്വല്ലറിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്. കോവിഡ് 19 വൈറസ് ബാധയെ തുടർന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ നാലാം തവണയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് സ്വർണക്കടത്ത് പിടികൂടുന്നത്.
കഴിഞ്ഞ മാസം ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനിൽ നിന്ന് 20 ലക്ഷത്തിന്റെ സ്വർണവും കോഴിക്കോട് വടകര സ്വദേശി മുഹമ്മദലിയിൽ നിന്ന് 112 ഗ്രാം സ്വർണവും കാസർഗോഡ് സ്വദേശി അബ്ദുള്ളയിൽ നിന്ന് 990 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.
ഇന്നലെ പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു ശേഷം കേസെടുത്ത് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വി കാസ്, കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.പി.മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണൻ, കെ.വി.രാജു, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.