മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ജലീൽ നിന്നാണ് 48.5 ലക്ഷം രൂപ വരുന്ന 796 ഗ്രാം സ്വർണം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.24 കാരറ്റ് പരിശുദ്ധിയുള്ള 796 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിന് 48.5 ലക്ഷം രൂപ വരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ ഗീതാ കുമാരി, ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രവിചന്ദ്ര, രവി രഞ്ജൻ, അനുപമ, സിലേഷ്, ഹവിൽദാർ കൃഷ്ണവേണി, ജീവനക്കാരായ സുബിന, ബെന്നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.