കൊണ്ടോട്ടി:കോവിഡ് 19 നെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ അവസാന വിമാനങ്ങളിൽ നിന്നു കരിപ്പൂർ കസ്റ്റംസ് പിടിച്ചെടുത്തത് 4.440 കിലോയുടെ 1.85 കോടിയുടെ സ്വർണം.
ഇന്നലെയും അതിനു മുന്പുള്ള ദിവസങ്ങളിലായി ബഹ്റൈൻ, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ നാലു യാത്രക്കാർ ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
കോഴിക്കോട് കാന്തപുരം സ്വദേശി ജംഷിദ്, വട്ടോളി ബസാർ സ്വദേശി ജാസിൽ എന്നിവരിൽ നിന്ന് 1.5 കിലോ സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. ഇരുവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ബഹ്റൈനിൽ നിന്നാണ് രണ്ടു പേരും കരിപ്പൂരിലെത്തിയത്.
മലപ്പുറം കട്ടുപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവർ ശരീരത്തിൽ ഓളിപ്പിച്ചാണ് സ്വർണം കടത്തിയത്. നിയാസിൽ നിന്ന് 815 ഗ്രാം സ്വർണവും റാഷിദിൽ നിന്നു 1197 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഇത്തിഹാദ് വിമാനത്തിൽ അബൂദാബിയിൽ നിന്നാണ് വന്നത്.
കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണർ എ.കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ജ്യോതിർമയി, രജ്ഞി വില്യംസ്, ഐസക് വർഗീസ്, കെ.പി മനോജ്, എം.പ്രകാശ്, സി.സി ഹാൻസെൻ തുടങ്ങിയവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.
ബഹ്റൈനിൽ നിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ 1.36 കിലോഗ്രാം സ്വർണം കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് മേപ്പയൂർ സ്വദേശി ജിജിൻലാലിൽ നിന്നു 690 ഗ്രാമും നടുവണ്ണൂർ സ്വദേശി ചെറുകുന്നുമ്മൽ ഷാനിദിൽ നിന്നു 670 ഗ്രാമുമാണ് പിടിച്ചത്.