കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ചാർട്ടേർഡ് വിമാനങ്ങളിലെത്തിയ മൂന്നു യാത്രക്കാരിൽ നിന്ന് മാത്രം ഇന്നലെ എയർകസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത് 95 ലക്ഷത്തിന്റെ സ്വർണം.
ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൽ ഫായിസ്, മുഹമ്മദ് അഫ്സൽ, കോഴിക്കോട് നൊച്ചാട് സ്വദേശി മുബീർ എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്.
ഫായിസിൽനിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ 545 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുള്ളിലാണ് മുഹമ്മദ് അഫ്സൽ 582 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്.
പെഡൽ ഷാഫ്റ്റിന് മുകളിൽ തിരിച്ചറിയാതിരിക്കാൻ വെള്ളി നിറം പൂശിയ നിലയിലായിരുന്നു സ്വർണം. രണ്ടു പേരും ദുബായിൽ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്.
ബഹറിനിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുബീറിൽ നിന്നും 1135 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.
അടിവസ്ത്രത്തിനുള്ളിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തിൽ വേർതിരിച്ചെടുത്ത സ്വർണത്തിന് 45 ലക്ഷം രൂപ വില ലഭിക്കും.