കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരെ കാറിടിച്ച കേസില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയ യുവാവിനെ ചോദ്യം ചെയ്യും. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനേത്തുടര്‍ന്ന് ഇന്നലെയാണ് അരീക്കോട് പത്തനാപുരം വലിയപീടിയേക്കല്‍ ഫസലു റഹ്മാന് (34) കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സെപ്റ്റംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളം റോഡില്‍ ഹജ് ഹൗസിന് സമീപത്ത് സ്വര്‍ണക്കടത്ത് വിവരമറിഞ്ഞെത്തിയ കോഴിക്കോട്, കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിച്ച സ്വര്‍ണവുമായി കാറില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
സമീപത്ത് ഇടിച്ച് നിന്ന കാറില്‍ നിന്ന് 3.4 കിലോഗ്രാം സ്വര്‍ണം ഡിആര്‍ഐ കണ്ടെടുത്തിരുന്നു.സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന മുക്കം പയനിങ്ങല്‍ സ്വദേശി പി.നിസാറിനെയും സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായം നല്കിയ നാല് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരേയും ഡിആര്‍ഐ കേസിലുള്‍പ്പെടുത്തിയിരുന്നു.
ഫസലു റഹ്മാന്റെ പങ്ക് കൂടി ബോധ്യമായാല്‍ കേസില്‍ ഉള്‍പ്പെടുത്തും.
വിമാനത്താവളത്തിലെ ചില ശുചീകരണത്തൊഴിലാളികളുമായി ഫസലു റഹ്മാന് അടുപ്പമുണ്ടെന്ന് വിവരമുണ്ട്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിക്കുന്ന സ്വര്‍ണം ജീവനക്കാര്‍ ഫസലുറഹ്മാനാണ് കൈമാറിയിരുന്നതെന്നാണ് വിവരം.