സ്വന്തം ലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്ണക്കവര്ച്ചാശ്രമവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘംഗങ്ങളായ 30 പേര് ഒളിവില്‍. കൊടുവള്ളി, താമരശേരി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലായുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ഒളിവില്‍ പോയത്.
ഇന്നലെ കൊടുവള്ളിയിലുള്ള പ്രതികളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്നവരുടെ വീടുകളിലും മറ്റും പരിശോധന തുടരുമെന്ന് കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ് അറിയിച്ചു. ഇതുവരെ 17 പേരാണ് അറസ്റ്റിലായത്.
കൊടുവള്ളിയും താമരശേരിയും കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതും കവര്‍ച്ചയുമായി ബന്ധപ്പെട്ടതുമായ മുഴുവന്‍ പ്രതികളുടെയും വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
രാമനാട്ടുകര കേസില്‍ ഇവര്‍ക്കുള്ള പങ്കിനെ കുറിച്ച് വിശദമായ പരിശോധിച്ചുവരികയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കുടുക്കില്‍ ബ്രദേഴ്സിന്റെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
2015 ല്‍ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടുക്കില്‍ ബ്രദേഴ്സിന് പങ്കുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. കള്ളക്കടത്ത് വിവരങ്ങള്‍ പോലീസിനു ചോര്‍ത്തിക്കൊടുക്കാതിരിക്കാന്‍ മുന്‍ സംഘാംഗം മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ (19) കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജ്ജുന് ആയങ്കിക്ക് അകമ്പടിയായി ഒന്നിലേറെ വാഹനങ്ങളുണ്ടായിരുന്നതായി വിവരം.
അകമ്പടിയായെത്തിയ വാഹനങ്ങള്‍ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദിനൂര്‍ സ്വദേശിയുടെ കാര്‍ കസ്റ്റംസ് പിടികൂടിയിരുന്നു.