കൊണ്ടോട്ടി: കൊവിഡ് 19 നിയന്ത്രണങ്ങൾക്കിടിയിലും ഇടതടവില്ലാതെ കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് പത്തു ദിവസത്തിനിടെ പന്ത്രണ്ടര കിലോ സ്വർണം.
കോവിഡ് മൂലം ഗൾഫിൽനിന്ന് പ്രവാസികളുടെ മടക്കത്തിനമായി മാത്രം വിമാനങ്ങൾ ചാർട്ടർ ചെയ്ത വിമാനങ്ങളിൽ മാത്രമായി ഇക്കഴിഞ്ഞ പത്തു ദിവസത്തിനിടയിൽ കസ്റ്റംസ് പിടിച്ചെടുത്തത് ആറര കോടിയുടെ സ്വർണമാണ്.17 യാത്രക്കാരിൽനിന്നാണ് സ്വർണം പിടിച്ചത്.മുഴുവൻ യാത്രക്കാരും കളളക്കടത്ത് കരിയർമാരാണ്.
സമാനമായ രീതിയിലുളള കളളക്കടത്താണ് കരിപ്പൂരിൽ അരങ്ങേറുന്നത്. മിക്ക യാത്രക്കാരും സ്വർണം പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലാണ് കള്ളക്കടത്ത് നടത്തിയത്.അരയിൽ ഭദ്രമായി ചേർത്തുവച്ച് കെട്ടിയാണ് സ്വർണ മിശ്രിതം എത്തിച്ചത്.
ഇതോടൊപ്പം ഇലക്ട്രോണിക് ഉപകരണത്തിലും സ്വർണമെത്തി.രണ്ടു യാത്രക്കാരും ഇൻഡക്ഷൻ കുക്കറിനകത്താണ് സ്വർണം ഒളിപ്പിച്ചു കടത്തിയത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അഞ്ചര കോടിയുടെ സ്വർണം പിടിച്ചെടുത്തത്.
വിവാദങ്ങളും കൂടുതൽ അറസ്റ്റും പുരോഗമിക്കുന്പോൾ കരിപ്പൂർ വഴി സ്വർണം ഇറങ്ങുന്നത് അന്വേഷണ ഏജൻസികളേയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂർ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കി.