കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കടത്ത് കൂടിയ സാഹചര്യത്തിൽ വിമാനത്താവളത്തിനു പുറത്തും പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതേത്തുടർന്നു റിയാദിൽനിന്നു പാന്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും മൂന്നു സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി.
കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ കോഴിക്കോട് സ്വദേശി ജബ്ബാറിനെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ജബ്ബാറിനെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളായ റിയാസ്, അനീസ്, ഫൈജാസ് എന്നിവരും പോലീസിന്റെ പിടിയിലായി. ജബ്ബാർ ധരിച്ചിരുന്ന ജീൻസിന്റെ ഉൾവശത്ത് സ്വർണം തേച്ച് പിടിപ്പിച്ചായിരുന്നു കടത്ത്.
750 ഗ്രാം സ്വർണമെങ്കിലും വേർതിരിക്കാനാകുമെന്നു പോലീസ്പറഞ്ഞു. ഒരാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടിക്കുന്ന മൂന്നാമത്തെ കേസാണ് ഇത്. സ്വർണം കോടതിയിൽ നല്കിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റസിന് കൈമാറും.
അതിനിടെ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ടുകോടി വിലവരുന്ന സ്വർണക്കട്ടികൾ ഇന്നലെ കസ്റ്റംസ് പിടികൂടി. ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് സ്വർണക്കട്ടികൾ കണ്ടെടുത്തത്.
ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച നിലയിൽ 28 സ്വർണക്കട്ടികളാണ് കിട്ടിയത്. 33,17 ഗ്രാം തൂക്കം വരുന്നതാണ് സ്വർണം. സ്വർണക്കടത്തു സംഘത്തിനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.