കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ ഡിആര്‍ഐ പിടികൂടിയ കളളക്കടത്ത് സംബന്ധിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിആര്‍ഐ സംഘം കോടതിയില്‍.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ വിഭാഗം സൂപ്രവൈസര്‍മാരുടെ സഹായത്തോടെ കള്ളക്കടത്ത് സംഘം കോവിഡ് കാലത്തു മാത്രം കടത്തിയത് 20 തവണയായി 12 കോടിയിലേറെ രൂപയുടെ 30 കിലോ സ്വര്‍ണമാണ്.
കേസില്‍ അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമായത്.കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിആര്‍ഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരാണ് സ്വര്‍ണം കൊണ്ട് വന്ന് വിമാനത്താവള ശുചിമുറിയില്‍ ഒളിപ്പിച്ചത്.
ഇവിടെനിന്നു വിമാനത്താവള ശുചീകരണ വിഭാഗം സൂപർവൈസര്‍മാരായ തേഞ്ഞിപ്പലം ചെനക്കല്‍ അബ്ദുള്‍ സലാം, കൊണ്ടോട്ടി കോടങ്ങാട് ചുളളിയില്‍ കൊടലട അബ്ദുള്‍ ജലീല്‍ എന്നിവര്‍ പുറത്ത് എത്തിച്ചു കളളക്കടത്ത് സംഘത്തിനു കൈമാറുകയായിരുന്നു.
വിമാനത്താവളത്തില്‍ ശുചീകരണ വിഭാഗം സൂപ്രവൈസര്മാരായ അരീക്കോട് ഊര്‍ങ്ങാട്ടിരി വിളയില്‍ പ്രഭാത്, മലപ്പുറം വെളളൂര്‍ പിലാക്കടാന് മുഹമ്മദ് സാബിഖ് എന്നിവരും കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാറുമാണ് നിലവില്‍ കേസില്‍ പിടിയിലായത്.
കേസില്‍ ഉള്‍പ്പെട്ട അരീക്കോട് ഊര്‍ങ്ങാട്ടിരി ഫസലു റഹ്മാന് വേണ്ടി പോലീസ് അന്വേഷം ഊര്‍ജിതമാക്കി.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനയ്ക്കെത്തിയ ഡിആര്‍ഐ സംഘത്തെ സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അപകടത്തില്‍പെട്ടു പരിക്കേറ്റ ഡിആര്‍ഐ ഉദ്യോഗസ്ഥരായ നജീബ്, ആല്‍ബര്‍ട്ട് ജോര്‍ജ് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.