കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി 30 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ നിക്ഷേപകര്‍ മുങ്ങി. മൂന്നുപേരാണ് സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചതെന്നാണ് വിവരം.
അതേസമയം അരീക്കോട്, താമരശേരി, എന്നിവിടങ്ങളിലുള്ള ഇവരുടെ വീടുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ ) പരിശോധന നടത്തിയിരുന്നു.
ഒളിവിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകരെ കണ്ടെത്താനായി ഡിആര്‍ഐ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന.
കേസില്‍ വിമാനത്താവളത്തില്‍ ശുചീകരണ വിഭാഗം തൊഴിലാളികളായ മൂന്നു പ്രതികള്‍ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സലാം, നാലാം പ്രതി അബ്ദുള്‍ ജലീല്‍, അഞ്ചാം പ്രതി വി.
പ്രഭാത് എന്നിവര്‍ക്കാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ജാമ്യം നല്‍കിയത്. ജാമ്യം അനുവദിച്ചെങ്കിലും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഡിആര്‍ഐയ്ക്ക് ശേഖരിക്കാനുണ്ട്.
ഈ സാഹചര്യത്തില്‍ കോടതി അനുമതിയോടെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം.
ദോഹയില്‍ നിന്നെത്തിച്ച സ്വര്‍ണം ജീവനക്കാര്‍ പ്രധാന പ്രതികളായ മുക്കം സ്വദേശി പി. നിസാര്‍, ഫസലുറഹ്മാന് എന്നിവര്‍ക്ക് കൈമാറിയെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവുമായി പുറത്തിറങ്ങി നിസാറും ഫസലുറഹ്മാനും ചേര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊല്ലാനും ശ്രമിച്ചിരുന്നു.
ഇതില്‍ ഇരുവര്‍ക്കുമെതിരെ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇടിച്ചിട്ട ശേഷം ഫസലുറഹ്മാന് രക്ഷപെട്ടിരുന്നു. ഇയാള്ക്കൂവേണ്ടിയുള്ള അന്വേഷണം പോലീസും ഡിആര്‍ഐയും നടത്തുന്നുണ്ട്.
പിടിയിലായ നിസാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിക്ഷേപകരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നിസാറിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.