സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: വിദേശ രാജ്യങ്ങളില്‍നിന്നു കരിപ്പൂരിലേക്കുളള അനധികൃത പൊന്നൊഴുക്കിനു കടിഞ്ഞാണിടാനാകാതെ അധികൃതര്‍. മൂന്നു വര്‍ഷത്തിനിടെ കരിപ്പൂരില്‍ മാത്രം 500 കിലോയ്ക്കു മുകളിലാണ് സ്വര്‍ണ വേട്ട.
2017ല്‍ 79 കിലോ സ്വര്‍ണം പിടിച്ച കരിപ്പൂരില്‍ 2018ൽ 176 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 233 കിലോ സ്വര്‍ണവും പിടിച്ചു. വിമാന സർവീസ് വളരെ കുറവു നടന്ന ഈ വര്‍ഷം ഇതുവരെ 50 കിലോയ്ക്കു മുകളിലാണ് സ്വര്‍ണക്കടത്ത്.
ഇതു പിടിക്കപ്പെടുന്നതിന്റെ മാത്രം കണക്കാണ്. ഇതിന്റെ പത്തിരട്ടി പിടിക്കപ്പെടാതെ കടത്തുന്നുണ്ടെന്നാണ് നിഗമനം. യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനു ഗള്‍ഫിലെ മറ്റുരാജ്യങ്ങളിലും വേരോട്ടമുണ്ട്.
ദ്രവ രൂപത്തിലുളള സ്വര്‍ണമാണ് കള്ളക്കടത്ത് സംഘം കൂടുതലായും എത്തിക്കുന്നത്.ആയൂര്‍വേദ മരുന്നെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് സ്വര്‍ണ മിശ്രിതം ഒരുക്കുന്നത്. ഇവ കാലിലും അടിവസ്ത്രത്തിലുമാണ് കൂടുതല്‍ ഒളിപ്പിക്കുന്നത്.
ഷാര്‍ജ, ദുബൈ എന്നിവടങ്ങളില്നന്നു കരിപ്പൂരിലെത്തിയ യുവതി അടക്കം നാലു യാത്രക്കാരില്‍നിന്നു മാത്രം ആറു കിലോയുടെ 2.65 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നു ഇന്നലെ മാത്രം കരിപ്പൂരില്‍ പിടിച്ചത്.
അടുത്തിടെ ഒരു ദിവസത്തില്‍ പിടികൂടുന്ന ഏറ്റവും വലിയ സ്വർണക്കടത്താണിത്.കസ്റ്റംസ്, കസ്റ്റംസ് പ്രവന്റീവ്,ഡിആര്‍ഐ സംഘങ്ങളെല്ലാം സ്വര്‍ണക്കടത്ത് നിരീക്ഷിക്കുന്നുണ്ട്. എന്നിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ചു സ്വര്‍ണക്കടത്ത് തുടരുന്നു.
കഴിഞ്ഞ മാസം ഡിആര്‍ഐ സംഘത്തെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 20 തവണയായി 30 കിലോ സ്വര്‍ണമാണ് സംഘം കടത്തിയത്.