കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം എയർ കാർഗോ അൺ അക്കമ്പനീഡ് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപയുടെ 4.65 കിലോ സ്വർണം പിടികൂടി.
എയർ കാർഗോ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രണ്ടു യാത്രക്കാരിൽ നിന്നുമായി സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാപ്പാട് സ്വദേശി ഇസ്മയിൽ കണ്ണഞ്ചേരിക്കണ്ടി, അരിന്പ്ര സ്വദേശി അബ്ദു റൗഫ് നാനത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഇസ്മയിലിന്റെ ബാഗേജിൽ നിന്ന് 2324 ഗ്രാം സ്വർണം റൈസ് കുക്കറിലും എയർ ഫ്രൈയറിലും ഒളിപ്പിച്ച നിലയിലും അബ്ദു റൗഫിന്റെ ബാഗേജിൽ നിന്ന് 2326 ഗ്രാം സ്വർണം റൈസ് കുക്കറിലും ഫാനിലും ഒളിപ്പിച്ച നിലയിലായിരുന്നു.
രണ്ടു കേസിലും സ്വർണം കേരളത്തിന് പുറത്തുള്ളവർക്കാണ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.