സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തു വിമാനത്താവളങ്ങളിലൂടെ കസ്റ്റംസ് തീരുവ ഇല്ലാതെയുള്ള സ്വര്‍ണക്കടത്ത് കൂടുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ ഒരു ടണിലധികം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
2021 മാര്‍ച്ച് മുതല്‍ 2022 ഡിസംബര്‍ 31 വരെ 1003 കിലോഗ്രാം സ്വര്‍ണം പിടികൂടിയെന്നു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പിടികൂടിയ സ്വര്‍ണത്തിന്റെ അളവില്‍ വര്‍ധനവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അനധികൃത സ്വര്‍ണക്കടത്തില്‍ രജിസ്റ്റര്‍ ചെയ്ത 1197 കേസുകളിലായി 641 പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് തീരുവ അടയ്ക്കാതെ കടത്തിയ സ്വര്‍ണത്തിന് 1.36 കോടി രൂപ ഇക്കാലയളവില്‍ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
വിമാനത്താവളങ്ങളില്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ പുതുരീതികളിലൂടെയുള്ള സ്വര്‍ണക്കടത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വ്യാപകമായിട്ടുണ്ട്. കുഴമ്പുരൂപത്തിലാക്കിയും മലദ്വാരത്തില്‍ വരെ ഒളിപ്പിച്ചും സ്വര്‍ണം കടത്തുന്നതു കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റുകളുണ്ടാക്കി അതു മറച്ചുവച്ചു
കടത്തിയ സ്വര്‍ണം കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. കുഴമ്പുരൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി കാല്പാദത്തില് ഒട്ടിച്ചു കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത് മലപ്പുറം സ്വദേശിയില്‍ നിന്നാണ്.
ഗര്‍ഭനിരോധന ഉറയിലാക്കി 20 ലക്ഷം രൂപയുടെ സ്വര്‍ണം ദുബായില്‍ നിന്നെത്തിച്ചു കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയും കൊച്ചിയില്‍ പിടിയിലായി.
ഒരു കിലോ സ്വര്‍ണം അനധികൃതമായി കടത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയാണ് കാരിയര്‍മാര്‍ക്കു ലഭിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പിടിയിലാകുന്നതിനേക്കാൾ അധികമാണ് വിമാനത്താവളങ്ങളിൽ വഴി നടക്കുന്ന സ്വർണക്കടത്തിന്റെ കണക്കുകളെന്ന് ആരോപണമുണ്ട്.